അവസാനമായി അവന്‍ സംസാരിച്ചത്  വിവാഹത്തെ കുറിച്ച് - സുഷാന്തിന്റെ അച്ഛന്‍ 

ന്യൂദല്‍ഹി- അങ്കിതാ ലോക്കാണ്ടേ, റിയാ ചക്രബര്‍ത്തി, വിവാഹം  സുഷാന്തിന്റെ പിതാവ് കെകെ സിംഗ് മനസ് തുറക്കുന്നു. സുഷാന്തിന്റെ മരണശേഷം അങ്കിത തങ്ങളെ കാണാന്‍ വന്നിരുന്നതായി കെകെ സിംഗ് പറയുന്നു. സുഷാന്തിന്റെ സംസ്‌കാര ശേഷം മുംബൈയിലും പട്‌നയിലും അങ്കിത എത്തിയിരുന്നതായി സിംഗ് വ്യക്തമാക്കി. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന അങ്കിതയും സുഷാന്തും 2016ലാണ് വേര്‍പിരിഞ്ഞത്. ബോളിവുഡിലെ താര പ്രണയങ്ങളില്‍ പ്രമുഖരായിരുന്ന അങ്കിതയ്ക്കും സുഷാന്തിനും ആരാധകരും ഏറെയായിരുന്നു.  എന്തു കൊണ്ടാണ് ഇരുവരുടെയും ബന്ധം വിവാഹത്തില്‍ കലാശിക്കാതിരുന്നത് എന്ന ചോദ്യത്തിന് 'അത് യാദൃശ്ചികം. സംഭവിക്കാനുള്ളത് സംഭവിച്ചു' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'പവിത്ര റിഷ്ത' എന്ന ടിവി പരിപാടിയില്‍ വച്ച് 2009ലാണ് ഇരുവരും കണ്ടുമുട്ടിയത്. ഇരുവരെയും ഒറ്റ രാത്രികൊണ്ട് താരങ്ങളാക്കി മാറ്റിയ പരിപാടിയായിരുന്നു 'പവിത്ര റിഷ്ത'. ബോളിവുഡില്‍ അവസരങ്ങള്‍ നേടി ഉയര്‍ന്നു വന്നപ്പോഴും ഇരുവരും ബന്ധം നിലനിര്‍ത്തിയിരുന്നു. ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞ ശേഷം 'രാബ്ത'യില്‍ കൂടെ അഭിനയിച്ച കൃതി സനോനുമായി തരാം പ്രണയത്തിലായി എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പാണ് നടിയായ റിയാ ചക്രബര്‍ത്തിയുമായി താരം പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നത്. എന്നാല്‍, റിയാ ചക്രബര്‍ത്തിയും സുഷാന്തും തമ്മിലുള്ള പ്രണയത്തെ കുറിച്ച് തനിക്ക് യാതൊന്നും അറിയില്ല എന്നാണ് സിംഗ് പറയുന്നത്. കൂടാതെ, സുഷാന്ത് അവസാനമായി തന്നോട് സംസാരിച്ചത് വിവാഹത്തെ കുറിച്ചായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. 'വിവാഹത്തെ പറ്റി സംസാരിച്ചിരുന്നു. കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ഇപ്പോള്‍ നടക്കില്ലെന്നും എല്ലാം മാറിയ ശേഷം ഫെബ്രുവരി-മാര്‍ച്ച് മാസത്തോടെ നമ്മുക്ക് നോക്കാമെന്നുമാണ് അവന്‍ പറഞ്ഞത്.' കെകെ സിംഗ് പറയുന്നു. ഇതായിരുന്നു മകനുമായുള്ള തന്റെ അവസാന സംഭാഷണമെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 14നു മുംബൈ ബാന്ദ്രയിലെ വീട്ടിലാണ് സുഷാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ചു നാളുകളായി താരം വിഷാദരോഗത്തിനു അടിമയായിരുന്നു എന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് നിഗമനം. സംഭവത്തില്‍ സുഷാന്തിന്റെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.   

Latest News