Sorry, you need to enable JavaScript to visit this website.

ലഡാക്കിൽ ഇന്ത്യ ചൈനക്ക് കനത്ത തിരിച്ചടി നൽകിയെന്ന് മോഡി

ന്യൂദൽഹി- ലഡാക്കിൽ ചൈനക്ക് ഇന്ത്യ കനത്ത തിരിച്ചടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻകി ബാത്തിൽ സംസാരിക്കുകയായിരുന്നു മോഡി. തങ്ങളുടെ പരമാധികാരവും അതിർത്തികളും രക്ഷിക്കുന്നതിന് രാജ്യത്തിന്റെ ശക്തിയും നിശ്ചയദാർഢ്യവും ലോകം മനസ്സിലാക്കിയിട്ടുണ്ട്. ലഡാക്കിൽ ഇന്ത്യയുടെ മണ്ണിൽ കണ്ണുവയ്ക്കുന്നവർക്ക് കടുത്ത തിരിച്ചടി കിട്ടി. ഇന്ത്യക്ക് മൈത്രി പുലർത്താനുമറിയാം, തറപ്പിച്ചു നോക്കാനുമറിയാം, ഉചിതമായ മറുപടി കൊടുക്കാനുമറിയാം. തങ്ങൾ ഒരിക്കലും രാജ്യത്തിന്റെ  അഭിമാനത്തിന് ക്ഷതമേൽക്കാനനുവദിക്കില്ലെന്ന് നമ്മുടെ വീര സൈനികർ കാട്ടിക്കൊടുത്തു.
ലഡാക്കിൽ നമ്മുടെ ബലിദാനികളായ വീര ജവാരുടെ ശൗര്യത്തെ രാജ്യം മുഴുവൻ നമിക്കുന്നു, ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. രാജ്യം മുഴുവൻ അവരോട് കൃതജ്ഞരാണ്, അവരുടെ മുന്നിൽ ശിരസ്സു നമിക്കുന്നു. അവരുടെ കുടുംബത്തെപ്പോലെതന്നെ എല്ലാ ഭാരതീയരും അവരെ നഷ്ടപ്പെട്ടതിന്റെ വേദന അനുഭവിക്കുന്നു. നമ്മുടെ വീരപുത്രൻമാരുടെ ബലിദാനത്തിലും അവരെക്കുറിച്ച് അവരുടെ കുടുംബത്തിനുള്ള അഭിമാനബോധവും രാജ്യത്തോടുള്ള ഉത്കടമായ ആവേശവുമാണ് രാജ്യത്തിന്റെ ശക്തി. മക്കൾ ബലിദാനികളായ മാതാപിതാക്കൾ, തങ്ങളുടെ മറ്റു പുത്രൻമാരെയും വീട്ടിലെ മറ്റു സന്താനങ്ങളെയും സൈന്യത്തിലേക്കയക്കുന്നതിനെക്കുറിച്ചാണ് പറയുന്നതെന്ന് നിങ്ങൾ കണ്ടിരിക്കും. ബിഹാറിൽ നിന്നുള്ള ബലിദാനി കുന്ദൻ കുമാറിന്റെ പിതാവിന്റെ വാക്കുകൾ കാതിൽ മുഴങ്ങുകയാണ്. തന്റെ കൊച്ചുമക്കളെയും കൂടി രാജ്യത്തിന്റെ രക്ഷയ്ക്കായി സൈന്യത്തിലേക്കയയ്ക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഈ ഉത്സാഹമാണ് എല്ലാ ബലിദാനികളുടെയും കുടുംബങ്ങൾക്കുള്ളത്. വാസ്തവത്തിൽ ഈ ബന്ധുജനങ്ങളുടെ ത്യാഗം പൂജിക്കത്തക്കതാണ്. ഭാരതമാതാവിന്റെ രക്ഷയെന്ന ഏതൊരു ദൃഢനിശ്ചയത്തോടെയാണോ നമ്മുടെ ജവാൻമാർ ജീവൻ ബലി നല്കിയത്, അതേ ദൃഢനിശ്ചയത്തെ നമുക്കും, എല്ലാ ദേശവാസികൾക്കും ജീവിത ലക്ഷ്യമാക്കേണ്ടതുണ്ട്. അതിർത്തികളുടെ രക്ഷക്കായി രാജ്യത്തിന്റെ ശക്തി വർധിക്കണം, രാജ്യം കൂടുതൽ കഴിവുറ്റതാകണം, രാജ്യം സ്വാശ്രയത്വം നേടണം എന്ന ലക്ഷ്യത്തോടെയായിരിക്കണം നമ്മുടെ എല്ലാ ശ്രമങ്ങളും ഇതായിരിക്കും ഈ ബലിദാനികൾക്കുള്ള യഥാർഥ ആദരാഞ്ജലിയും. എനിക്ക് അസമിൽ നിന്ന് രജനിജീ എഴുതിയിരിക്കുന്നു  അദ്ദേഹം കിഴക്കൻ ലഡാക്കിൽ നടന്നത് കണ്ടശേഷം ഒരു ശപഥം ചെയ്തിരിക്കുന്നു  അദ്ദേഹം പ്രാദേശിക ഉത്പന്നങ്ങളേ വാങ്ങൂ എന്നു മാത്രമല്ല പ്രാദേശികമായതിനുവേണ്ടി സംസാരിക്കയും ചെയ്യും. ഇതുപോലുള്ള സന്ദേശങ്ങൾ എനിക്ക് രാജ്യത്തിന്റെ എല്ലാ കോണിൽ നിന്നും ലഭിക്കുന്നുണ്ട്. വളരെയധികം ആളുകൾ അവർ ഈ ദിശയിൽ മുന്നേറുകയാണെന്ന് എന്നെ കത്തിലൂടെ അറിയിക്കുന്നുവെന്നും മോഡി പറഞ്ഞു.

 

Latest News