ചെന്നൈ- തൂത്തുക്കുടിയിൽ ലോക്ഡൗൺ ലംഘിച്ചതിന് അറസ്റ്റിലായ അച്ഛനും മകനും ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ച കേസിൽ തമിഴ്‌നാട് പോലീസിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. സാധാരണക്കാർക്ക് നേരെയുള്ള പോലീസ് അതിക്രമം കോവിഡ് പോലെ മറ്റൊരു പകർച്ചവ്യാധിയാണെന്ന് കോടതി പറഞ്ഞു. കോടതിയെ ചെറുതായി കാണരുതെന്നും ഇരകൾക്കു നീതി ലഭ്യമായെന്ന് ഉറപ്പാക്കും. കോവിഡ് ഡ്യൂട്ടി മാനസിക സംഘർഷം സൃഷ്ടിക്കുന്നുണ്ടെങ്കിൽ പോലീസുകാർക്കു കൗൺസിലിങ്ങും യോഗ പരിശീലനവും നൽകണം.
സംഭവത്തിന്റെ വിശദ റിപ്പോർട്ട് തൂത്തുക്കുടി എസ്.പി കോടതിയിൽ സമർപ്പിച്ചു. സംഭവം നടന്ന സാത്തൻകുളം പോലീസ് സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഹാജരാക്കണമെന്നു കോടതി നിർദേശം നൽകി. കോവിൽപെട്ടി ജില്ലാ മജിസ്‌ട്രേട്ട് സംഭവം നടന്ന പോലീസ് സ്‌റ്റേഷനിൽ നേരിട്ടെത്തി തെളിവെടുക്കണം. സ്‌റ്റേഷനിൽ നിന്നും സബ്ജയിലിൽ നിന്നും ആവശ്യമായ രേഖകൾ കണ്ടെത്തണം. സംഭവം വലിയ പ്രക്ഷോഭമായി മാറാതിരിക്കാൻ രാഷ്ട്രീയ കക്ഷികൾ മുൻകൈയ്യെടുക്കണമെന്നും സമൂഹമാധ്യമങ്ങളിൽ മരിച്ചവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പോസ്റ്റുകൾ ഒഴിവാക്കണമെന്നും കോടതി അഭ്യർഥിച്ചു. കേസ് 30നു വീണ്ടും പരിഗണിക്കും.
തമിഴ്‌നാട്ടിൽ പലയിടത്തും ഇന്നലെയും വ്യാപാരികൾ കടകളടച്ചു പ്രതിഷേധിച്ചു. കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് ഡി.എം.കെയും അണ്ണാ ഡി.എം.കെയും 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കഴിഞ്ഞ 23 ന് ആണ് വ്യാപാരികളായ പി.ജയരാജ് മകൻ ജെ.ബെന്നിക്‌സ് എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചത്.