Sorry, you need to enable JavaScript to visit this website.

ഇന്ധനവിലയില്‍ ഒന്നും ചെയ്യാതെ കേന്ദ്രം, വിലക്കയറ്റത്തിന് സാധ്യത

ന്യൂദല്‍ഹി- പെട്രോളിനെക്കാള്‍ ഡീസലിന് വിലകൊടുക്കേണ്ട അസാധാരണ സാഹചര്യത്തിലും ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ ഒന്നും ചെയ്യാതെ കേന്ദ്രസര്‍ക്കാര്‍. പത്തുവര്‍ഷം മുന്‍പ് 2011ല്‍ പെട്രോളിന് ഡീസലിനേക്കാള്‍ ഇരുപതിലധികം രൂപയുടെ വ്യത്യാസമാണുണ്ടായിരുന്നത്. എന്നാലിപ്പോള്‍ പെട്രോളിനെയും പിന്തള്ളിയാണ് ഡീസലിന്റെ കുതിപ്പ്.

ചരക്കുഗതാഗതത്തെ ഡീസല്‍ വില വര്‍ധന കാര്യമായി ബാധിക്കുമെന്നതിനാല്‍ രാജ്യത്ത് അസാധാരണമാം വിധം വിലക്കയറ്റവും അതുവഴി പണപ്പെരുപ്പവുമുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

2011 ല്‍ ഡീസലിന് 41.39 രൂപയും പെട്രോളിന് 61.75 രൂപയുമായിരുന്നു- വ്യത്യാസം 20.36 രൂപ. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ഇതിലെ വ്യത്യാസവും കുറഞ്ഞുവന്നു. ഇന്നു പൈസകളുടെ വ്യത്യാസം മാത്രം.

https://www.malayalamnewsdaily.com/sites/default/files/filefield_paths/2.jpg

2017 ല്‍ ഇന്ധനവില നിര്‍ണയത്തിന് എണ്ണക്കമ്പനികള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതോടെ രണ്ടാഴ്ച കൂടുമ്പോള്‍ വില നിശ്ചയിക്കുന്നതിനു പകരം ദിവസേന വിലവ്യത്യാസം വരുത്തുന്നതിലേക്കു മാറി. എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്‍കിയതിന്റെ ആദ്യ ദിനങ്ങളില്‍ വില താഴ്ന്നിരുന്നു. പിന്നാലെ വില കൂടിത്തുടങ്ങി. ദിവസവും പത്തും പതിനഞ്ചും പൈസ കൂടുന്നത് ആദ്യം ജനശ്രദ്ധയില്‍ വന്നില്ല. എന്നാല്‍, രണ്ടുമാസം കൊണ്ട് ഏഴുരൂപയോളം കൂടിയെന്നു വെളിപ്പെട്ടതോടെ പ്രതിഷേധവും ശക്തമായി. എന്നിരുന്നാലും വില കുറയ്ക്കുന്നതില്‍ കമ്പനികള്‍ താല്‍പര്യം കാണിക്കുന്നില്ല.

https://www.malayalamnewsdaily.com/sites/default/files/filefield_paths/3.jpg

രാജ്യാന്തരതലത്തില്‍ അസംസ്‌കൃത എണ്ണക്ക് വില കൂടുന്നതിനും കുറയുന്നതിനുമനുസരിച്ചുള്ള മാറ്റങ്ങളാണ് ജനങ്ങള്‍ പ്രതീക്ഷിച്ചതെങ്കിലും അതല്ല ഉണ്ടായത്. ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും ഇന്ധനവില കുറയുക എന്ന സങ്കല്‍പം നടപ്പാകുന്നില്ലെന്ന് കഴിഞ്ഞ നാളുകളിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2014 ല്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 112 ഡോളറായിരുന്നു. അന്ന് പെട്രോള്‍ വില 74.33 രൂപയും ഡീസല്‍ വില 60.77 രൂപയും. ഇപ്പോള്‍ അസംസ്‌കൃത എണ്ണയുടെ വില 40 ഡോളര്‍. എന്നാല്‍ പെട്രോള്‍, ഡീസല്‍ വില 80 രൂപ കടന്നു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ എക്‌സൈസ് നികുതി 9.48 രൂപയായിരുന്നത് ഇപ്പോള്‍ 32.98 രൂപയാണ്. ഡീസലിന് അന്ന് നികുതി 3.65 രൂപയായിരുന്നത് ഇപ്പോള്‍ 31.83 രൂപയായി. എക്‌സൈസ് നികുതിയില്‍ പെട്രോളിന് മൂന്നര മടങ്ങും ഡീസലിന് ഒന്‍പതു മടങ്ങും വര്‍ധനയാണുണ്ടായത്.

എണ്ണ വിലയ്ക്കു പുറമെ സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിത നികുതി വര്‍ധിപ്പിക്കുന്നതും ഇന്ധനവില വര്‍ധനയ്ക്കു കാരണമാകുന്നുണ്ട്. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ പെട്രോളിന് 8.88 രൂപയും ഡീസലിന് 10.22 രൂപയുമാണ് വര്‍ധിച്ചത്.

 

Latest News