Sorry, you need to enable JavaScript to visit this website.

വംശീയതക്ക് എതിരായ പ്രക്ഷോഭങ്ങള്‍; 'ഫെയര്‍ ആന്റ് ലവ്‌ലി'യുടെ പേരില്‍ നിന്ന് ഫെയര്‍ ഒഴിവാക്കാന്‍ കമ്പനി

വാഷിങ്ടണ്‍- ഹിന്ദുസ്ഥാന്‍ യൂനിലിവറിന്റെ ബ്യൂട്ടി പ്രൊഡക്ടായ 'ഫെയര്‍ ആന്റ് ലവ്‌ലി'യുടെ പേരില്‍ നിന്ന് 'ഫെയര്‍' ഒഴിവാക്കുന്നു. ഉല്‍പ്പന്നത്തിന്റെ പേരില്‍ നിന്ന് ഒഴിവാക്കുന്ന വാക്കിന് പകരം പുതിയ വാക്ക് ചേര്‍ത്ത് നിശ്ചയിച്ച പേരിന് റഗുലേറ്ററി ക്ലിയറന്‍സിന് വേണ്ടി കാത്തിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു.

മിനസോട്ടയില്‍ ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആഗോളതലത്തില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ചര്‍മ്മം വെളുപ്പിക്കുന്ന ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്നാണ് യൂനിലിവറും ഫെയര്‍ ആന്റ് ലവ്‌ലിയുടെ റീബ്രാന്റിലേക്ക് തയ്യാറെടുത്തത്.

പത്ത് വര്‍ഷത്തോളമായി വെളുത്തതും തിളക്കമുള്ളതുമായ ചര്‍മ്മത്തിന് എന്ന പേരിലാണ് ഫെയര്‍ ആന്റ് ലവ്‌ലി പുറത്തിറങ്ങുന്നത്. മാര്‍ക്കറ്റില്‍ വന്‍ സ്വീകാര്യതയാണ് ഈ പ്രൊഡക്ടിന് ലഭിച്ചിരുന്നത്. എന്നാല്‍ കറുത്ത വര്‍ഗക്കാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ക്ക് എതിരെ ലോകമാകെ പ്രതിഷേധങ്ങള്‍ ശക്തമാകുന്ന സാഹചര്യം കൂടി മുമ്പില്‍ കണ്ടാണ് കമ്പനി തങ്ങളുടെ മാര്‍ക്കറ്റിങ് തന്ത്രം മാറ്റിപ്പിടിക്കുന്നത്. തങ്ങളുടെ ബ്രാന്റ് എല്ലാവിധ നിറത്തിലുമുള്ള ചര്‍മ്മങ്ങളുള്ളവര്‍ക്ക് വേണ്ടി പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി അറിയിച്ചു.

Latest News