മുംബൈ-പിപിഇ കിറ്റ് ധരിച്ച് പുകവലിച്ച ആശുപത്രി ജീവനക്കാരുടെ ഫോട്ടോയെടുക്കുകയും ഈ നടപടി ചോദ്യം ചെയ്യുകയും ചെയ്ത യുവാവിന് ക്രൂര മര്‍ദ്ദനം. ആശുപത്രിയിലെ നാല് ജീവനക്കാര്‍ ചേര്‍ന്ന് യുവാവിനെ തല്ലിച്ചതയ്ക്കുകയായിരുന്നു. മുംബൈ ബോറിവ്‌ലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. രോഹിത് പവാര്‍ എന്ന യുവാവാണ് ആശുപത്രി ജീവനക്കാരുടെ മര്‍ദ്ദനത്തിന് ഇരയായത്. പിപിഇ സ്യൂട്ട് ധരിച്ച ശേഷം മൂന്ന് ജീവനക്കാര്‍ ആശുപത്രി പരിസരത്ത് നിന്ന് സിഗരറ്റ് വലിക്കുന്നത് ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതിനാണ് തന്നെ ആക്രമിച്ചതെന്ന് രോഹിത് പവാര്‍ പറയുന്നു.'ഫോട്ടോ എടുക്കാന്‍ എനിക്ക് ആരാണ് അധികാരം നല്‍കിയതെന്ന് ചോദിച്ചാണ് അവര്‍ എന്നെ ആക്രമിച്ചത്. എന്റെ മൂക്കിന് ഗുരുതരമായി പരുക്കേറ്റു. രക്തം ഒഴുകുന്ന മുഖവുമായി നിന്ന എനിക്ക് ചികിത്സ നല്‍കാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറായില്ല- രോഹിത് പവാര്‍ വ്യക്തമാക്കി. രോഹിത് പവാറിന്റെ പരാതിയില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.