ഗുവാഹത്തി- മുപ്പത് കൊല്ലം രാജ്യത്തെ സൈനികവൃത്തിയിലൂടെ സേവിച്ച സൈനികന് ഒടുവിൽ ബാക്കിയായത് അനധികൃത കുടിയേറ്റക്കാരനെന്ന പേരുദോഷം. പുറമെ കേസും. മുഹമ്മദ് അസ്മൽ ഹഖ് എന്ന മുൻ സൈനികനാണ് ഈ ദുർഗതി. അസം പോലീസാണ് ഗുവാഹത്തിയിൽനിന്ന് എഴുപത് കിലോമീറ്റർ അകലെയുള്ള ഛായാഗോവിൽ താമസിക്കുന്ന ഹഖിനെതിരെ കേസെടുത്തത്. ബംഗ്ലാദേശേിൽനിന്ന് അനധികൃതമായ കുടിയേറി എന്നാണ് ഇദ്ദേഹത്തിന്റെ പേരിലുള്ള കേസ്. കുടിയേറ്റം സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്ന ട്രിബ്യൂണൽ ഒക്ടോബർ 13ന് കേസ് പരിഗണിക്കും.
എനിക്ക് അതിയായ സങ്കടമുണ്ട്. ഞാൻ കുറെ കരഞ്ഞു. എന്റെ ഹൃദയം പൊട്ടിപ്പോകുന്നു. ഇതുപോലെ ഒരു അപമാനം എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണെങ്കിൽ ഞാനെങ്ങിനെയാണ് ഇത്രയും കാലം സൈന്യത്തെ സേവിക്കുക. ജൂനിയർ കമ്മീഷൻഡ് ഓഫീസറായി കഴിഞ്ഞവർഷമാണ് ഹഖ് സർവീസിൽനിന്ന് വിരമിച്ചത്. സൈന്യത്തിൽ ഒരാൾ ചേരുമ്പോൾ പോലീസ് പരിശോധന നിർബന്ധമാണ്. തന്റെ കാര്യത്തിൽ അത് കൃത്യമായി നടന്നിരുന്നുവെന്നും ഹഖ് പറയുന്നു.
ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റം തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം നൽകി കഴിഞ്ഞ വർഷം ബി.ജെ.പി സംസ്ഥാനത്ത് അധികാരമേറ്റത്. ഇതിന് ശേഷം കുടിയേറ്റവുമായി ബന്ധപ്പെട്ട നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു.
2012-ൽ ഹഖിന്റെ ഭാര്യ മുംതാസ് ബീഗവും സമാനമായ രീതിയിൽ കേസിനെ അഭിമുഖീകരിച്ചിരുന്നു. മുഴുവൻ രേഖകളും സമർപ്പിച്ചതിനെ തുടർന്ന് ഇവർ ശരിയായ ഇന്ത്യൻ പൗരൻമാരാണെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. മുൻ സൈനികനെ അനധികൃത കുടിയേറ്റക്കാരനാക്കി കേസ് രജിസ്റ്റർ ചെയ്ത നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമുയർന്നു. ഇന്ത്യൻ പൗരൻമാരെ അനധികൃത കുടിയേറ്റക്കാരാക്കി ദ്രോഹിക്കുകയാണെന്ന് നിർജാരി സിൻഹ ട്വീറ്റ്‌ചെയ്തു. ഒരു സൈനികന് ഇങ്ങിനെയുള്ള അപമാനം സഹിക്കേണ്ടി വരുന്നുവെങ്കിൽ സാധാരണക്കാരുടെ കാര്യം എന്തായിരിക്കുമെന്ന് മറ്റൊരാൾ ട്വീറ്റ് ചെയ്തു.