ഭോപ്പാല്‍- അനുമതിയില്ലാതെ കോവിഡ് രോഗികളില്‍ മരുന്ന് പരീക്ഷണം നടത്തിയതിന് പതഞ്ജലി സ്ഥാപകന്‍ രാംദേവിനെതിരെ കേസെടുത്ത് രാജസ്ഥാന്‍ സര്‍ക്കാര്‍. കോവിഡിന് മരുന്ന് കണ്ടെത്തിയതായി പതഞ്ജലിയുടെ അവകാശവാദത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം ആരാഞ്ഞതിന് പിറകേയാണ് രാംദേവിനെതിരെ നിയമനടപടിയുമായി രാജസ്ഥാന്‍ സര്‍ക്കാര്‍ രംഗത്ത് എത്തുന്നത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് പതഞ്ജലി നല്‍കിയ വിശദീകരണത്തില്‍ രാജ്സ്ഥാനിലെ നാഷണല്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസേര്‍ച്ച്(നിംസ്)ലാണ് മരുന്ന് പരീക്ഷണം നടത്തിയത് എന്നാണ് അറിയിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നതിന് മുന്‍പ് സര്‍ക്കാരിന്റെ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടി രാജ്സ്ഥാന്‍ സര്‍ക്കാര്‍ നിയമനടപടിയെടുക്കുന്നത്.
നടന്നത് മരുന്ന് പരീക്ഷണമല്ല, ഫ്രോഡ് പരീക്ഷണമാണെന്നാണ് രാജസ്ഥാന്‍ സര്‍ക്കാറിന്റെ പ്രതികരണം. രാംദേവ് കോവിഡ്
'മരുന്ന്' പരീക്ഷിച്ച രോഗികള്‍ക്ക് രോഗലക്ഷണമുണ്ടായിരുന്നില്ലെന്നും, മരുന്ന് പരീക്ഷിക്കുന്നതിന് മുമ്പ് നിംസില്‍ ഒഴി മറ്റ് മൂന്ന് ഇടങ്ങളിലും ഈ രോഗികളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നുവെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഇതോടെ കോവിഡ് രോഗമില്ലാത്തവരിലാണ് രാംദേവ് മരുന്ന് പരീക്ഷിച്ചത് എന്നാണ് വ്യക്തമാവുന്നത്.
പതഞ്ജലിയുടെ പുതിയ 'മരുന്ന്' ഏഴു ദിവസം കൊണ്ട് കോവിഡ് ഭേദമാക്കും എന്നുമായിരുന്നു രാം ദേവിന്റെ അവകാശവാദം. കൊറോണില്‍ സ്വാസാരി എന്ന് പേരിട്ടിരിക്കുന്ന 'മരുന്ന്' രാജ്യത്തെ 280 കോവിഡ് രോഗികളില്‍ ഫലം കണ്ടെന്നും പരീക്ഷണം നൂറുശതമാനം വിജയമാണെന്നും രാംദേവ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ എവിടെ, ആരിലാണ് പരീക്ഷണം നടത്തിയതെന്നോ, ഇതിന്റെ ശാസ്ത്രീയ ഫലങ്ങള്‍ എന്താണെന്നോ പതഞ്ജലി രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളെ അറിയിച്ചിരുന്നുല്ല. ഈ സാഹചര്യത്തില്‍ സുതാര്യതയില്ലാതെ കോവിഡ് പോലെയുള്ള ഒരു മഹാമാരിക്ക് മരുന്ന് കണ്ടെത്തിയതായുള്ള വകാശവാദം വ്യാജമാവാനുള്ള സാധ്യത ആരോഗ്യവിദഗ്ധര്‍ നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
ലോകവ്യാപകമായി ശാസ്ത്ര സമൂഹം കോവിഡിന് മരുന്ന് കണ്ടെത്താനുള്ള തീവ്ര ശ്രമത്തില്‍ ഏര്‍പ്പെട്ടിട്ടും ഇപ്പോഴും ക്ലിനിക്കല്‍ ട്രയില്‍ ഘട്ടം കടന്നിട്ടില്ല ഇവയൊന്നും.