Sorry, you need to enable JavaScript to visit this website.

കോവിഡിന് മരുന്ന്: അമ്പതോളം ആയൂര്‍വേദ, ഹോമിയോ പരസ്യങ്ങള്‍ക്ക് രാജ്യത്ത് നിരോധനം

ന്യൂദല്‍ഹി- കോവിഡിന് മരുന്ന് കണ്ടെത്തിയതായി ബാബ രാംദേവിന്റെ അവകാശവാദത്തിനിടെ രാജ്യത്ത് കോവിഡ് സംബന്ധിച്ച ആയൂര്‍വേദ, ഹോമിയോ പരസ്യങ്ങള്‍ക്ക് നിരോധനം. കോവിഡിന് രോഗശാന്തി വാഗദാനം ചെയ്ത് പ്രമുഖ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട അമ്പതോളം പരസ്യകാമ്പയിനുകള്‍ക്ക് അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ (എഎസ്‌സിഐ)യാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഒരു മാസത്തിനിടെയാണ് ഇത്രയും പരസ്യങ്ങള്‍ക്ക് എഎസ്‌സിഐയുടെ വിലക്കുവീഴുന്നത്.

കോവിഡ് -19 മരുന്ന് കണ്ടെത്തിയതായി ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലിയോട് ആരോഗ്യവിഭാഗം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ലോകത്ത് ഒരിടത്തും കോവിഡിന് വാക്സിനോ, പ്രതിവിധിയോ കണ്ടെത്തിയില്ലെന്നിരിക്കെയാണ് പതഞ്ജലി അവകാശവാദവുമായി രംഗത്തുവരുന്നത്. കൂടാതെ പതഞ്ജലി മരുന്ന് പരീക്ഷണത്തിന് കേന്ദ്ര എത്തിക്സ് കമ്മറ്റിയുടെ അനുമതി തേടിയിട്ടില്ലെന്നാണ് അറിയുന്നത്. ഇക്കാര്യത്തിലും സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടിടൂണ്ട്. ക്ലിനിക്കല്‍ ട്രയല്‍ സംബന്ധിച്ച വിവരങ്ങളും പരീക്ഷണ ഫലങ്ങളും സമര്‍പ്പിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളുടെ അനുമതിയോ മേല്‍നോട്ടമോ ഇല്ലാതെ സ്വന്തംനിലയില്‍ മരുന്ന് കണ്ടെത്തിയതായുള്ള അവകാശവാദമാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് പതഞ്ജലിയ്ടെ പരസ്യങ്ങളും വിലക്കിയിരുന്നു.

കോവിഡിന് മരുന്ന് കണ്ടെത്തിയതായി അവകാശപ്പെട്ട ചെന്നൈയിലെ സുജാത ബയോടെക് ആയൂര്‍വേദ മരുന്നുകമ്പനിയിലെ ഫാര്‍മസിസ്റ്റ്  കെ ശിവനേശന്‍ (47) കഴിഞ്ഞ മാസം സ്വന്തം കമ്പനിയുടെ 'മരുന്ന്' പരീക്ഷിച്ച് മരണപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കമ്പനിയിലെ ഒരു ഡോക്ടര്‍ പിന്നീട് ആഴ്ചകള്‍ക്ക് ശേഷമാണ് അപകടാവസ്ഥ തരണം ചെയ്തത്. നൈട്രിക് ഓക്‌സൈഡും സോഡിയം നൈട്രേറ്റും അമിത അളവില്‍ ചേര്‍ത്താണ് ഇവര്‍ മരുന്നുണ്ടാക്കിയത്. സോഡിയം ഹൈഡ്രേറ്റും ഇതില്‍ ചേര്‍ത്തതായി പറയപ്പെടുന്നു. സോപ് നിര്‍മ്മാണത്തിനും പെട്രോളിയം ശുദ്ധീകരിക്കുന്നതിനും ഉപയോഗിക്കുന്നതാണ് രാസപദാര്‍ത്ഥമാണ് സോഡിയം ഹൈഡ്രേറ്റ്.

Latest News