വാഷിങ്ടണ്‍- പുതിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് ഗ്രീന്‍ കാര്‍ഡുകള്‍ നല്‍കുന്നത് മരവിപ്പിക്കുന്നത് ഉള്‍പ്പെടെ ചില തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ഈ വര്‍ഷാവസാനം വരെ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച് യുഎസ്. തിങ്കളാഴ്ച ഇതുസംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ചു. എച്ച് വണ്‍ബി വിസകളും ഇതില്‍പ്പെടും. അതേസമയം നിലവില്‍ യുഎസിലുള്ള വിദേശികളെ ഉത്തരവ് ബാധിക്കില്ല. എച്ച്-1ബി വിസ സമ്പ്രദായം പരിഷ്‌കരിക്കുന്നത് വഴി മെറിറ്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ ദിശയിലേക്ക് നീങ്ങാനാണ് പ്രസിഡന്റ് നിര്‍ദേശിച്ചിരിക്കുന്നത്.
ഈ വര്‍ഷം അവസാനിക്കും വരെ വിദേശ തൊഴില്‍ വിസകള്‍ നിര്‍ത്തിവെക്കാനും വൈറ്റ് ഹൗസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വിദഗ്ധരായ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കാനും യുഎസ് പൗരന്മാരുടെ ജോലി സംരക്ഷിക്കാനുമാണ് സര്‍ക്കാരിന്റെ ശ്രമം.പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ട്രംപിന്റെ ഈ നീക്കമെന്നും വിലയിരുത്തലുകളുണ്ട്.
കൊറോണ വൈറസ് പ്രതിസന്ധി മൂലം തൊഴില്‍ നഷ്ടം ഉണ്ടാകുമ്പോള്‍ യുഎസ് പൗരന്മാര്‍ക്ക് ഈ താല്‍ക്കാലിക തീരുമാനം ഗുണം ചെയ്യുമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. അമ്പത് ദശലക്ഷം അമേരിക്കക്കാര്‍ക്കാണ് ഈ പ്രതിസന്ധിമൂലം തൊഴില്‍ നഷ്ടമായത്. 5.25 ലക്ഷം തൊഴിലവസരങ്ങളാണ് പുതിയ തീരുമാനത്തിലൂടെ പൗരന്മാര്‍ക്ക് ലഭിക്കുക. എന്നാല്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് ഈ നിര്‍ദേശം കനത്ത തിരിച്ചടിയായിരിക്കും നല്‍കുക.