ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്രമോഡി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ലഡാക്ക് വിഷയവുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് മന്‍മോഹന്‍സിങ്ങിന്റെ പ്രതികരണം.കേണല്‍ ബി സന്തോഷ് ബാബുവിനും ജീവന്‍ നഷ്ടമായ നമ്മുടെ ജവാന്മാര്‍ക്കും നീതി ഉറപ്പുവരുത്തുന്നതിനായി പ്രധാനമന്ത്രിയും സര്‍ക്കാരും ഈ അവസരത്തില്‍ ഉയര്‍ന്നുവരികയാണ് വേണ്ടത്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാജ്യതാല്‍പ്പര്യമായിരിക്കണം മുമ്പിലുണ്ടാകേണ്ടത്. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് നയതന്ത്രമല്ലെന്നും മന്‍മോഹന്‍സിങ് പറഞ്ഞു. ചൈനയുടെ ഭീഷണിക്ക് മുമ്പില്‍ കീഴടങ്ങുകയല്ല വേണ്ടത്. നിലവിലെ പ്രതിസന്ധി വലുതാക്കരുത്.പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഉപയോഗിച്ച് തന്നെ ചൈനക്ക് തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ അനുവദിക്കരുത്.
അതിര്‍ത്തിയില്‍ വിട്ടുവീഴ്ച പാടില്ലെന്നും പലവിധത്തിലുള്ള സംസാരം രാജ്യതാല്‍പ്പര്യത്തിന് ചേര്‍ന്നതല്ലെന്നും മന്‍മോഹന്‍സിങ് ആവശ്യപ്പെട്ടു.ലഡാക്കില്‍ ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന കയ്യേറിയിട്ടില്ലെന്ന മോഡിയുടെ പ്രസ്താവന വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നയതന്ത്ര പാളിച്ചകളെ രാഷ്ട്രീയ പ്രമുഖര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.