ലഡാക്കിലേത് നയതന്ത്ര വീഴ്ച; മോഡി ജനങ്ങളെ വികാരാധീനരാക്കി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കമല്‍ഹാസന്‍

ചെന്നൈ- ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാരിന് നയതന്ത്ര വീഴ്ച സംഭവിക്കുകയോ കാര്യങ്ങള്‍ മുന്‍കൂട്ടി കാണുന്നതില്‍ പരാജയപ്പെടുകയോ ചെയ്തുവെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍.പ്രധാനമന്ത്രി നരേന്ദ്രമോഡി ജനങ്ങളെ വികാരാധീതരാക്കി തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. 
 

ഈ വിഷയത്തില്‍ കേന്ദ്രം കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതുണ്ട്. ജനങ്ങള്‍ സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഉലയുന്നതല്ല സൈന്യത്തിന്റെ ആത്മവീര്യം. കരുത്തുറ്റ സൈന്യമാണ് രാജ്യത്തിന്റേത്. എന്നാല്‍ അവരുടെ ജീവന്‍ സംരക്ഷിക്കാന്‍ സാധിക്കണം. ചോദ്യം ഉന്നയിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ കാതലാണെന്നും അദ്ദേഹം പറഞ്ഞു.

മഹാബലിപുരം ഉച്ചകോടി വന്‍ വിജയമായാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ എട്ട് മാസത്തിന് ശേഷം ചൈന പിന്നില്‍ നിന്ന് കുത്തി. നിരായുധരായ സൈനികരാണ് വീരമൃത്യ വരിച്ചത്. നയതന്ത്ര വീഴ്ചയാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ലഡാക്കില്‍ ഗാല്‍വന്‍ മേഖലയില്‍ ചൈനീസ് സൈന്യവുമായി നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് മരിച്ചത്.
 

Latest News