ബീജിങ്- ലഡാക്ക് അതിര്‍ത്തിയിലെ ഗാല്‍വന്‍ മേഖല തങ്ങളുടേതാണെന്ന് വീണ്ടും അവകാശവാദം ഉന്നയിച്ച് ചൈന. ഇന്നലെ രാത്രിയാണ് ചൈനീസ് വിദേശകാര്യവക്താവ് ഇക്കാര്യം ഉന്നയിച്ചത്. ഇന്ത്യന്‍ അധീനതയിലുള്ള പ്രദേശങ്ങളില്‍ ചൈന കടന്നുകയറിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി സര്‍വ്വകക്ഷിയോഗത്തില്‍ അറിയിച്ചതിന് പിന്നാലെയാണ് ചൈന വീണ്ടും അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ചൈനീസ് എംബസിയുടെ വെബ്‌സൈറ്റിലാണ് പോസ്റ്റ് പ്രസിദ്ധപ്പെടുത്തിയത്.
ഇന്ത്യാ-ചൈന അതിര്‍ത്തിയുടെ പടിഞ്ഞാറ് മേഖലയില്‍ ചൈനയുടെ ഭാഗത്താണ് ഗാല്‍വന്‍ സ്ഥിതി ചെയ്യുന്നത്. ഈ മേഖലയില്‍ വര്‍ഷങ്ങളായി ചൈനീസ് പട്ടാളം പട്രോളിങ് നടത്തുന്നു. ഏപ്രില്‍ മുതല്‍ ഇന്ത്യന്‍ സൈന്യം ഇവിടെ ഏകപക്ഷീയമായി റോഡുകളും പാലങ്ങളും നിര്‍മിക്കുകയാണ് ചെയ്തത്. നിരവധി തവണ ഇന്ത്യയോട് പ്രതിഷേധം അറിയിച്ചെങ്കിലും ഇന്ത്യ നിയന്ത്രണരേഖ മറികടക്കുകയായിരുന്നു.മെയ് ആറിന് രാത്രിയോടെ ഇന്ത്യന്‍ പട്ടാളം അതിര്‍ത്തി കടന്ന് പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നും ഇപ്പോഴുള്ള എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്തം ഇന്ത്യക്കാണെന്നും വിദേശകാര്യവകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
ജൂണ്‍ ആറിന് നടന്ന ചര്‍ച്ചയില്‍ ഗാല്‍വാന്‍ നദി കടക്കില്ലെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയിരുന്നു.ഇരു സൈന്യങ്ങളുടെയും ഘട്ടംഘട്ടമായുള്ള പിന്‍മാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഈ ധാരണകള്‍ ലംഘിച്ചാണ് ഇന്ത്യ നിയന്ത്രണരേഖ മുറിച്ചുകടന്നത്. ചൈനീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. ഇതാണ് ശാരീരിക ഏറ്റുമുട്ടലിലേക്കും മരണങ്ങളിലേക്കുമെത്തിച്ചതെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
ഗാല്‍വന്‍ നദീത്തടത്തിന്റെ പരമാധികാരം തങ്ങളുടേതാണെന്ന് കഴിഞ്ഞ ചൊവ്വാഴ്ച്ച ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി വെസ്റ്റേണ്‍ കമാന്റ് അവകാശപ്പെട്ടിരുന്നു.എന്നാല്‍ ഈ അവകാശവാദത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ശ്രീവാസ്തവ തള്ളിക്കളഞ്ഞിരുന്നു.