കൊച്ചി- മലയാള സിനിമയിലെ സൗഹൃദപ്പൂമരമായിരുന്നു അന്തരിച്ച സംവിധായകന്‍ സച്ചിയെന്ന് സംവിധായകന്‍ ഷാഫി അനുസ്മരിച്ചു. നിരവധി മികച്ച സിനിമകളാണ് അകാലത്തിലെ ഈ അന്ത്യത്തിലൂടെ മലയാളത്തിന് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു. സച്ചിയുടെ സംസ്‌കാരചടങ്ങിന് ശേഷം മലയാളം ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഷാഫി.
സച്ചിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു ഷാഫി. ചോക്ലേറ്റ്‌സ് എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിലൂടെ സച്ചിക്ക് മലയാള സിനിമയിലേക്ക് വഴിയൊരുക്കിയത് ഷാഫിയായിരുന്നു. പിന്നീട് മേക്കപ്മാന്‍, ഷെര്‍ലക് ടോംസ് എന്നീ ഷാഫിയുടെ രണ്ടു സിനിമകള്‍ക്കുവേണ്ടിയും സച്ചി തൂലിക ചലിപ്പിച്ചു.
ഒരേസമയം, മികച്ച സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു സച്ചിയെന്ന് ഷാഫി പറഞ്ഞു. സിനിമയുടെ രണ്ട് പ്രധാന മേഖലകളും അദ്ദേഹത്തിന് നന്നായി വഴങ്ങി. സച്ചി അവസാനമായി ചെയ്ത രണ്ട് ചിത്രങ്ങളും മലയാളത്തില്‍ എന്നെന്നേക്കും അടയാളപ്പെടുത്തുന്ന സിനിമകളാണ്. ഡ്രൈവിംഗ് ലൈസന്‍സ്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളാണവ.
ഇവയില്‍ ഡ്രൈവിംഗ് ലൈസന്‍സ് മലയാളം അപൂര്‍വമായി മാത്രം അനുഭവിക്കുന്ന ഏറ്റവും മികച്ച കലാസൃഷ്ടികളില്‍ ഒന്നാണെന്നും ഷാഫി അഭിപ്രായപ്പെട്ടു. സച്ചി തന്നോട് സിനിമക്കായി മനസ്സിലുള്ള നാല് കഥകള്‍ പറഞ്ഞിരുന്നതായും അതെല്ലാം മികച്ച പ്രമേയങ്ങളാണെന്നും നടന്‍ പൃഥ്വിരാജ് തന്നോട് പറഞ്ഞിട്ടുണ്ട്. അവയിലെല്ലാം സഹകരിക്കാമെന്നും പൃഥ്വി വാക്കുകൊടുത്തിരുന്നു.
താന്‍ മലയാള സിനിമയില്‍ അവതരിപ്പിച്ച ഒരാള്‍, വേഗത്തില്‍ വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറുന്നത് അളവറ്റ അഭിമാനത്തോടെയാണ് കണ്ടിരുന്നത്. കലര്‍പ്പറ്റ സൗഹൃദമായിരുന്നു സച്ചിയുടെ മുതല്‍ക്കൂട്ട്. പരിചയപ്പെട്ട നാള്‍മുതല്‍ ദൃഢമായിരുന്നു ആ സൗഹൃദം. മുഖംമൂടിയില്ലാത്ത തുറന്ന പ്രകൃതമായിരുന്നു സച്ചിയുടെ സവിശേഷത. സ്‌നേഹിച്ചാല്‍ ചങ്ക് പറിച്ചുതരുന്ന സ്വഭാവം. സിനിമയിലും സിനിമക്ക് പുറത്തും വലിയ സൗഹൃദവലയം കാത്തുസൂക്ഷിച്ചു. താന്‍ സിനിമാ മേഖലയിലെത്തി എത്രയോ കഴിഞ്ഞാണ് സച്ചിയുടെ വരവ്. എന്നാല്‍ സൗഹൃദങ്ങളുടെ കാര്യത്തില്‍ തന്നെക്കാള്‍ സമ്പന്നനായിരുന്നു.
സച്ചിയുടെ അകാല നിര്യാണം മലയാളത്തിന് നഷ്ടപ്പെടുത്തിയത് അദ്ദേഹത്തിലൂടെ വരാനിരുന്ന നല്ല കുറെ സിനിമകളെയാണ്. അതിനാല്‍ തന്നെ മലയാള സിനിമക്ക് ഈ വേര്‍പാട് വലിയ നഷ്ടമാണ്. മൂന്നു ദിവസമായി അദ്ദേഹത്തിന്റെ ജീവന് വേണ്ടി പ്രാര്‍ഥനയിലായിരുന്നു. താന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ എല്ലാ സുഹൃത്തുക്കളും തീ തിന്നാണ് ഈ മൂന്നു ദിവസം പിന്നിട്ടത്. ഒടുവില്‍ എല്ലാവരേയും വിട്ട് അദ്ദേഹം അനിവാര്യമായ വിധിക്ക് കീഴടങ്ങി. സന്തപ്ത കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ ആത്മാര്‍ഥമായി പങ്കുചേരുന്നു- ഷാഫി പറഞ്ഞു.