ന്യൂദല്‍ഹി-ഹിസ്ബുള്‍ തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റിലായ ജമ്മുകശ്മീര്‍ മുന്‍ ഡിഎസ്പി ദവീന്ദര്‍ സിങ്ങിന് ജാമ്യം ലഭിച്ചു. ദല്‍ഹി പോലിസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ ദല്‍ഹി പോലിസിന് വീഴ്ച പറ്റിയെന്ന് കാണിച്ചാണ് ദേവീന്ദര്‍സിങ് ജാമ്യാപേക്ഷ നല്‍കിയത്. ഇയാള്‍ക്കൊപ്പം പിടിയിലായ ഇര്ഫാന് ഷാഫി മിറിനും കോടതി ജാമ്യം നല്‍കിയിട്ടുണ്ട്.ഒരു ലക്ഷം രൂപയും രണ്ട് ജാമ്യക്കാരെയുമാണ് ഉപാധികളായി സമര്‍പ്പിച്ചത്.
ഡിഎസ്പി ദവീന്ദര്‍ സിങ്ങിനൊപ്പം അറസ്റ്റിലായ ഹിസ്ബുള്‍ തീവ്രവാദികള്‍ റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് കേസ്.് ഈ ഉന്നത പോലീസ് ഉദ്യോഗസ്ഥനൊപ്പം ദല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് രണ്ട് തീവ്രവാദികളെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്.
ഇവരെ ദല്‍ഹിയിലേക്ക് കടത്താന്‍ സഹായിക്കാന്‍ ദവീന്ദര്‍ സിങ് പന്ത്രണ്ട് ലക്ഷം രൂപയാണ് തീവ്രവാദികളില്‍ നിന്ന് കൈക്കൂലി വാങ്ങിയത്. ജമ്മുവിലേക്കും തുടര്‍ന്ന് ഛാണ്ഡിഗഡ് വഴി ന്യൂദല്‍ഹിയിലേക്കുമായിരുന്നു യാത്ര ആസൂത്രണം ചെയ്തിരുന്നതെന്ന് ഇവരെ ചോദ്യം ചെയ്ത കശ്മീര്‍ ഐജി വിജയ് കുമാര്‍ അറിയിച്ചിരുന്നു. ഡിഎസ്പിയുടെ രാഷ്ട്രപതിയുടെ മെഡലുകള്‍ അടക്കമുള്ള പുരസ്കാരങ്ങള്‍ റദ്ദ് ചെയ്തിരുന്നു.