ന്യൂഡല്‍ഹി- സോഷ്യല്‍ മീഡിയാ ഭീമന്‍ ഫേസ്ബുക്ക് ഇന്ത്യയില്‍ ഒരു കിടിലന്‍ ഫീച്ചര്‍ കൂടി അവതരിപ്പിക്കുന്നു. രക്തം ദാനം ചെയ്യാന്‍ തയാറുള്ളവരേയും രക്തം അടിയന്തിരമായി ആവശ്യമുള്ളവരേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ ഫീച്ചര്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ഫേസ്ബുക്ക് ന്യൂസ് ഫീഡില്‍ കാണാം. ഇന്ത്യയ്ക്കു വേണ്ടി മാത്രം ഉണ്ടാക്കിയതാണ് ഇതെന്നാണ് ഫേസ്ബുക്ക് അവകാശപ്പെടുന്നത്. ന്യൂസ് ഫീഡില്‍ കാണുന്ന ഈ ഫീച്ചര്‍ ഉപയോഗിച്ച് ഒരു രക്തദാതാവായി സൈന്‍ അപ് ചെയ്യാം. നേരത്തെ രക്തം ദാനം ചെയ്തിട്ടുണ്ടോ, രക്ത ഗ്രൂപ്പ് ഏതാണ് തുടങ്ങിയ വിവരങ്ങള്‍ ശേഷം പങ്കുവയ്ക്കാം. രക്തം ആവശ്യമുള്ള ആരെങ്കിലും ഈ സന്ദേശം കണ്ടാല്‍ ആര്‍ക്കാണ് രക്തം വേണ്ടത്, ആശുപത്രിയുടെ പേര്, ബന്ധപ്പെടേണ്ട വ്യക്തിയുടെ ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി പ്രത്യേക പോസ്റ്റ് ക്രിയേറ്റ് ചെയ്യാന്‍ കഴിയും. ഇതുപയോഗിച്ച് രക്തദാതാവിന് രക്തം വേണ്ടവരെ വേഗത്തില്‍ കണ്ടെത്താം.
സുരക്ഷിതമായ രക്തത്തിന്റെ ലഭ്യത താരതമ്യേന കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വ്യത്യസ്ത ഗ്രൂപ്പ് രക്തം ആവശ്യപ്പെട്ടു കൊണ്ടുള്ള മെസേജുകള്‍ ആളുകളെല്ലാം ഇപ്പോള്‍ ഫേസ്ബുക്ക് വഴിയോ വാട്‌സാപ്പ് വഴിയോ ഷെയര്‍ ചെയ്ത ആളെ കണ്ടെത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഓരോ ആഴ്ചയും ആയിരക്കണക്കിന് പോസ്റ്റുകളാണ് കാണുന്നത്. ഈ ഫീച്ചര്‍ ഇവരെ കൂടുതല്‍ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്,' ദക്ഷിണേഷ്യയിലെ ഫേസ്ബുക്ക് പ്രോഗ്രാംസ് മേധാവി റിതേഷ് മേത്ത പറയുന്നു.
രക്തദാനം സംബന്ധിച്ച ആവശ്യമായ വിവരവും അതു പങ്കുവയ്്കാനുള്ള ഒരു മാധ്യമവും ലഭിച്ചാല്‍ ജനങ്ങള്‍ രക്തം ദാനം ചെയ്യാന്‍ കൂടുതലായി മുന്നോട്ടു വരുന്നതായാണ് ഫേസ്ബുക്ക് നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയത്. ഈ ഫീച്ചര്‍ ഉപയോഗിക്കുന്ന രക്തദാതാക്കളുടെ വിവരങ്ങള്‍ ഒണ്‍ലി മി ആയിട്ടായിരിക്കും ഉണ്ടാകുക. ഇതു പരസ്യപ്പെടുത്താനും ഷെയര്‍ ചെയ്യാനും ഉപയോക്താവിന് ഇഷ്ടാനുസരണം കഴിയുമെന്നും അവര്‍ പറഞ്ഞു.
ഫേസ്ബുക്ക് ഈ ഫീച്ചര്‍ ആദ്യമായി ഇന്ത്യയിലാണ് അവതരിപ്പിക്കുന്നത്. ഫേസ്ബുക്ക് ആന്‍ഡ്രോയ്ഡ് ആപ്പിലും മൊബൈല്‍ വെബിലും ഇതു ലഭ്യമാകും. രക്ത ബാങ്കുകള്‍ നടത്തുന്ന സംഘടകള്‍, ആശുപത്രികള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് രക്തദാതാക്കളുമായും സ്വീകര്‍ത്താക്കളുമായും വേഗണത്തില്‍ ബന്ധപ്പെടാനുള്ള വേദിയൊരുക്കുകയാണ് ഫേസ്ബുക്ക് ഈ ഫീച്ചറിലൂടെ. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും വരും ആഴ്ചകളില്‍ ഈ സൗകര്യം ഫേസ്ബുക്ക് ലഭ്യമാക്കിത്തുടങ്ങും. ഒരിക്കല്‍ റിക്വസ്റ്റ് ക്രിയേറ്റ് ചെയ്താല്‍ തൊട്ടടുത്തുള്ള രക്തദാതാക്കളുടെ വിവരങ്ങള്‍ നോട്ടിഫിക്കേഷനായി ലഭിച്ചു കൊണ്ടിരിക്കും. ഫോണിലൂടേയോ ഫേസ്ബുക്കിലൂടേയോ വാട്‌സാപ്പ് മുഖേനയോ പരസ്പരം ബന്ധപ്പെടാം. എന്നാല്‍ ദാതാവ് നല്‍കിയാലല്ലാതെ വിവരങ്ങള്‍ ഒരിക്കലും മറ്റുള്ളവര്‍ക്ക് ലഭിക്കുകയില്ല. രക്തദാന ബോധവല്‍ക്കരണവും ഈ ഫീച്ചറിലൂടെ ഫേസ്ബുക്ക് ലക്ഷ്യമിടുന്നു.