എന്നെങ്കിലും തന്റെ ജീവിതം സിനിമയാക്കുന്ന പക്ഷം നായകനാകുന്നത് ദുൽഖർ സൽമാൻ ആയിരിക്കണമെന്ന് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന.
ട്വിറ്ററിൽ ഇതുസംബന്ധിച്ച ചോദ്യമുയർന്നപ്പോഴായിരുന്നു റെയ്‌നയുടെ വെളിപ്പെടുത്തൽ. ബോളിവുഡ് താരം ഷാഹിദ് കപൂറോ, ദുൽഖർ സൽമാനോ നായകനാകണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ റെയ്‌ന ഇക്കാര്യത്തിൽ ചോദ്യ കർത്താവിന്റെയടക്കം അഭിപ്രായവും തേടി. ദുൽഖർ സൽമാൻ ആയിരിക്കും കൂടുതൽ അനുയോജ്യനെന്നയിരുന്നു മിക്ക ആരാധകരുടെയും മറുപടി.
മുൻ ഇന്ത്യൻ താരവും ചെന്നൈ സൂപ്പർ കിംഗ്‌സ് താരവുമായ സുരേഷ് റെയ്‌നയും ദുൽഖർ സൽമാനും പരിചിതരാണ്. മാസങ്ങൾക്ക് മുമ്പ് ചെന്നൈയിൽ ഒരു പരിപാടിയിൽ ഇരുവരും കണ്ടുമുട്ടിയപ്പോൾ റെയ്‌നക്കൊപ്പമുള്ള ചിത്രം ദുൽഖർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ക്രിക്കറ്റ് താരമായി ദുൽഖർ ഒരു ബോളിവുഡ് ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അഭിഷേക് ശർമ സംവിധാനം ചെയ്ത 'സോയ ഫാക്ടർ' എന്ന ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്റെ വേഷത്തിലാണ് ദുൽഖർ എത്തിയത്.