Sorry, you need to enable JavaScript to visit this website.

മലയാളിത്തം വിടാതെ നിമിഷ

നിമിഷ സജയൻ


അഭിനയം എല്ലാകാലത്തും ഒരു അഭിനിവേശമായിരുന്നു നിമിഷാ സജയന്. സ്വന്തം അസ്തിത്വം ചോദ്യം ചെയ്യുന്ന യാതൊന്നും ഈ അഭിനേത്രിയിൽനിന്നും ഉയർന്നുവന്നില്ല. ഏതു കാര്യത്തിലും അവർക്ക് സ്വന്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ഏറ്റക്കുറച്ചിലുകളില്ലാതെയും പൊയ്മുഖങ്ങളില്ലാതെയും വ്യക്തമായ നിലപാടുമായാണ് അവർ ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്.
മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നിമിഷയെ തേടിയെത്തിയപ്പോൾ അർപ്പണ മനോഭാവത്തിനുള്ള അംഗീകാരം കൂടിയായിരുന്നു അത്. മലയാളിയെങ്കിലും അന്യനാട്ടിൽ ജനിച്ചുവളർന്ന നിമിഷ കഥാപാത്രമേതുമാകട്ടെ അത് വളരെ ആത്മാർഥതയോടെയാണ് അവതരിപ്പിച്ചുപോന്നത്. കൊല്ലത്തെ പുനലൂരിലാണ് വേരുകളെങ്കിലും നിമിഷ മുംബൈയിലെ അന്ധേരിയിലാണ് വളർന്നത്. അച്ഛനിൽ നിന്നും പറഞ്ഞുകേട്ട മലയാളി പെൺകുട്ടികളുടെ ധൈര്യവും ബോൾഡ്‌നെസും നിമിഷയിലും അറിയാതെ കടന്നുവരികയായിരുന്നു. ഏതു മേഖലയിലും ഒരു മലയാളി പെൺകുട്ടിയുടെ സാന്നിധ്യമുണ്ടാകുമെന്ന കണ്ടെത്തലിലാണ് ആ മാതാപിതാക്കൾ മകളെ ഒരു മലയാളിയായി വളർത്താൻ ശ്രമിച്ചത്.


'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിൽ ഭർത്താവിനോടൊപ്പമുള്ള ബസ് യാത്രയ്ക്കിടയിൽ മാല മോഷ്ടിക്കപ്പെട്ട ശ്രീജ എന്ന യുവതിയുടെ നിസ്സഹായതയും തിരിച്ചുകിട്ടാനുള്ള അശ്രാന്തപരിശ്രമവും വളരെ ഭംഗിയായാണ് അവതരിപ്പിച്ചത്. മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യനിൽ കൊലപാതകിയെന്ന് മുദ്ര കുത്തപ്പെട്ട പ്രതിക്കുവേണ്ടി ഹാജരാവുകയും അയാളെ രക്ഷപ്പെടുത്തുകയും ചെയ്യുന്ന പരിചയസമ്പന്നയല്ലാത്ത ഹന്ന എലിസബത്ത് എന്ന വക്കീലായും, സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത 'ചോല'യിലെ നിഷ്‌കളങ്കയായ ജാനു എന്ന വിദ്യാർഥിയെയും അവതരിപ്പിച്ചതുവഴിയായിരുന്നു സംസ്ഥാന പുരസ്‌കാരം ഈ അഭിനേത്രിയെ തേടിയെത്തിയത്.


ലാൽജോസിന്റെ നാൽപത്തിഒന്നിൽ ഭാഗ്യസൂയത്തെ അവതരിപ്പിച്ചതിനുശേഷം രാജീവ് രവിയുടെ തുറമുഖത്തിൽ ഉമാനിക്കും ഭാവം പകർന്നു. എനിക്ക് ഈ അവസരം ലഭിച്ചപ്പോൾ വലിയ സന്തോഷമാണ് തോന്നിയത്. കിട്ടിയതിൽവെച്ച് ഏറ്റവും നല്ല വേഷമെന്ന് നിമിഷ പറയുന്നു. ഇതിനിടയിൽ വിധു വിൻസെന്റിന്റെ സ്റ്റാന്റപ്പിൽ കുഞ്ചാക്കോ ബോബനൊപ്പം കീർത്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
പ്രൈമറി സ്‌കൂൾ പഠനകാലംതൊട്ടേ സിനിമയായിരുന്നു മനസ്സിലുണ്ടായിരുന്നത്. മുംബൈയിൽ എൻജിനീയറായ അച്ഛൻ സജയനും മെഡിക്കൽ രംഗത്ത് ജോലി നോക്കുന്ന അമ്മ ബിന്ദുവും മകളുടെ സ്വപ്‌നങ്ങൾക്ക് നിറം പകർന്നു. ബദ്‌ലാപ്പൂർ കാർമൽ കോൺവെന്റ് ഹൈസ്‌കൂളിലായിരുന്നു പഠനം. കുട്ടിക്കലംതൊട്ടേ കായിക മത്സരങ്ങളിൽ തൽപരയായിരുന്നു. തയ്‌കോണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ നിമിഷ ദേശീയതല മത്സരങ്ങളിൽ പങ്കാളിയായിരുന്നു. കോളേജ് പഠനകാലത്ത് വോളിബാൾ, ഫുട്ബാൾ ടീമുകളുടെ ക്യാപ്റ്റനുമായിരുന്നു. മാസ് കമ്യൂനിക്കേഷനിൽ ബിരുദ വിദ്യാർഥിയായിരിക്കേയാണ് അഭിനയ മോഹംകൊണ്ട് കൊച്ചിയിലെത്തി അഭിനയ പരിശീലനത്തിനു ചേർന്നത്. ഇതിനിടയിൽണ് സിനിമയിൽ അവസരവും ലഭിച്ചു.

മൂന്ന് ഒഡീഷനുകൾക്കുശേഷമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ അവസരം ലഭിച്ചത്. മലയാളത്തിലെ സംസാരം ഒഴുക്കില്ലാത്തതിനാൽ സംവിധായകൻ ദിലീഷേട്ടനും സംശയമുണ്ടായിരുന്നു. ചിത്രീകരണം തുടങ്ങിയപ്പോഴും സിനിമയെക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്നു. എന്നാൽ എല്ലാവരും സഹായിക്കാനെത്തി. അതൊരു നല്ല അനുഭവമായിരുന്നു.
അവാർഡുകളെക്കുറിച്ചല്ല, നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നതിനുവേണ്ടിയാണ് എപ്പോഴും ശ്രദ്ധിക്കുന്നത്. സൗമ്യ സദാനന്ദൻ ഒരുക്കിയ 'മംഗല്യം തന്തുനാനേന' എന്ന ചിത്രത്തിലെ ക്ലാരയെ അവതരിപ്പിക്കാൻ അവസരം ലഭിച്ചപ്പോൾ ഏറെ സന്തോഷം തോന്നിയിരുന്നു. നല്ല തിരക്കഥയായിരുന്നെങ്കിലും സിനിമ വേണ്ടത്ര വിജയിച്ചില്ല. എന്നാൽ ഈടയിലെ ഐശ്വര്യയുടേത് നല്ല വേഷമായിരുന്നു. നല്ല ചിത്രങ്ങളുടെ ഭാഗമാകുക എന്ന ലക്ഷ്യത്തിന്റെ ഉത്തമോദാഹരണം കൂടിയായിരുന്നു അത്. അതിലെനിക്ക് അഭിമാനമുണ്ട് -നിമിഷ പറയുന്നു.
അഭിനയത്തിനുപുറമെ സംവിധാനം എന്നൊരു സ്വപ്‌നവും നിമിഷയുടെ മനസ്സിലുണ്ട്. സിനിമയെ അത്രയ്ക്ക് പ്രണയിക്കുന്ന ഈ പെൺകുട്ടിക്ക് അഭിനയിച്ച് കൊതി തീർന്നിട്ടില്ല. ഇനിയും ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കണം. ഫഹദിക്കയെപ്പോലുള്ള സീനിയർ നടന്മാരിൽ പലരുടെയും അഭിനയം കാണുമ്പോൾ സ്വയം മറന്നുനിൽക്കാറുണ്ട്. ഇവരെപ്പോലെ അഭിനയിക്കാനാവുക എപ്പോഴാണ് എന്ന് ചിന്തിക്കാറുണ്ട്. തൊണ്ടിമുതലിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു. എന്നാൽ എപ്പോഴും നല്ല സപ്പോർട്ടായിരുന്നു അദ്ദേഹത്തിൽനിന്നും ലഭിച്ചത്.
ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും സിനിമ തന്റെ ജീവിതത്തിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ജീവിതത്തിൽ എത്ര ഉന്നതങ്ങളിലെത്തിയാലും വിനയം കൈവിടരുത് എന്ന പാഠമാണ് പപ്പ പഠിപ്പിച്ചത്. എനിക്കൊരു മാറ്റവും സംഭവിച്ചിട്ടില്ല. കൂട്ടുകാർക്കൊപ്പം ഓട്ടോയിൽ പോകുന്നു. വീടിനടുത്തുള്ള കുട്ടികളുമായി കളിക്കുന്നു. ഇതു കാണുമ്പോൾ ചിലർ അതിശയത്തോടെ നോക്കാറുണ്ട്. പക്ഷേ, അതൊന്നും എന്നെ ബാധിക്കാറില്ല.


സിനിമയിൽ എനിക്ക് റോൾ മോഡലൊന്നുമില്ല. എങ്കിലും ബഹുമാനിക്കുന്ന ഒട്ടേറെ നടീനടന്മാരുണ്ട്. പല കാര്യങ്ങളിലും അവരെടുക്കുന്ന നിലപാടുകൾ അത്ഭുതപ്പെടുത്താറുണ്ട്. സ്മിതാ പാട്ടീലിനോട് തികഞ്ഞ ആരാധനയായിരുന്നു. സ്ത്രീകൾക്കുവേണ്ടി ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തിരുന്ന അവർ ഇന്ത്യയിലെതന്നെ മികച്ച നടിമാരിൽ ഒരാളായിരുന്നു. കാലം ആ പ്രതിഭയെ വേഗം കൂട്ടിക്കൊണ്ടുപോയി.
മേക്കപ്പിൽ അഭിരമിക്കുന്ന മനസ്സായിരുന്നില്ല നിമിഷയുടേത്. പലപ്പോഴും അയൽവീട്ടിലെ കുട്ടി എന്ന ഇമേജായിരുന്നു അവർ പകർന്നത്. നമുക്കു ചുറ്റുമുള്ളവർ പലപ്പോഴും മേക്കപ്പിട്ടു കാണാറില്ല. സിനിമയിൽ മേക്കപ്പിടുന്ന ശീലമാണ് കാണുന്നത്. എന്നാൽ ആ ശീലത്തിൽനിന്നും മാറിനിൽക്കാനാണ് ഇഷ്ടം.


മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'മാലിക്ക'് എന്ന ചിത്രത്തിൽ റോസ്‌ലിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുവരുന്നതിനിടയിലാണ് ലോക്ഡൗണായത്. ഇപ്പോൾ മുംബൈയിലെ വീട്ടിൽ മാതാപിതാക്കളോടൊപ്പം കഴിയുന്നു. ഒഴിവുസമയം സിനിമകൾ കാണാനാണ് വിനിയോഗിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ജിന്നിലാണ് ഇനി വേഷമിടാനുള്ളത്.
ഒരു സ്ത്രീയെന്ന നിലയിൽ സ്വാതന്ത്ര്യത്തോടെയുള്ള ജീവിതമാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ മാതാപിതാക്കൾ ഈ ജോലിതന്നെ ചെയ്യണമെന്ന് ഒരിക്കലും നിർബന്ധിച്ചിട്ടില്ല. പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തെ പിന്തുണക്കേണ്ടത് മാതാപിതാക്കളാണ്. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു കുട്ടിക്കാലംതൊട്ടേ ആഗ്രഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഞാനിപ്പോൾ ഏറെ സന്തോഷവതിയാണ്. ജീവിതത്തിൽ ഏറെയിഷ്ടമുള്ള കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ജോലി ചെയ്യുന്ന മേഖലയാണ് സിനിമ. എങ്കിലും പ്രതിഫലത്തിന്റെ കാര്യത്തിൽ പുരുഷന്മാർ പലപ്പോഴും സ്തീകൾക്കു മുകളിലാണ്. ഇവിടെയും സമത്വം കൈവരേണ്ടതുണ്ട് എന്ന അഭിപ്രായമാണുള്ളത് -നിമിഷ പറഞ്ഞു നിർത്തുന്നു.

Latest News