മനില- സൈബര്‍ അപകീര്‍ത്തി കേസില്‍ ഫിലിപ്പീന്‍സ് മാധ്യമപ്രവര്‍ത്തക മരിയ റെസ്സക്ക് തടവ് ശിക്ഷ. ആറ് മാസം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. വ്യവസായി നല്‍കിയ അപകീര്‍ത്തി കേസിലാണ് 'റാപ്ലര്‍' എന്ന വെബ്‌സൈറ്റിന്റെ എക്‌സിക്യുട്ടീവ് എഡിറ്ററായ റെസ്സയെ കോടതി കുറ്റക്കാരിയെന്ന് വിധിച്ചത്.റെസ്സക്കൊപ്പം റാപ്ലറിലെ റെയ്‌നാള്‍ഡോ സാന്റോസ് ജൂനിയര്‍ എന്ന മാധ്യമപ്രവര്‍ത്തകനെയും കോടതി ശിക്ഷിച്ചു. ഒരു ദിവസം മുതല്‍ ആറ് വര്‍ഷം വരെ തടവാണ് റെയ്‌നാള്‍ഡോക്ക് വിധിച്ചത്. എന്നാല്‍ രണ്ടു പേര്‍ക്കും ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. തന്നെ അപകീര്‍ത്തിപ്പെടുത്തുംവിധം 2012ല്‍ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് വ്യവസായി വില്‍ഫ്രെഡോ കെങ്ങ് 2017ലാണ് കേസ് നല്‍കിയത്. ഇംപീച്‌മെന്റിലൂടെ പുറത്താക്കപ്പെട്ട മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ വ്യവസായിയാണ് വില്‍ഫ്രെഡോ കെങ്. 2018ല്‍ പരാതി കോടതി തള്ളിയിരുന്നെങ്കിലും ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡിഗ്രോ ഡുട്ടെര്‍ട്ടെയുടെ സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരെ പ്രോസിക്യൂട്ട് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
സൈബര്‍ ലിബെല്‍ എന്ന പ്രത്യേകം നിയമം ഉപയോഗിച്ചാണ് ഫിലീപ്പീന്‍ കോടതി റെസ്സക്കും സഹപ്രവര്‍ത്തകനും ശിക്ഷ വിധിച്ചത്. ഇത് ഫിലിപ്പീന്‍ മാധ്യമങ്ങള്‍ക്കെല്ലാമുള്ള മുന്നറിയിപ്പാണ്. നിങ്ങള്‍ കരുതിയിരിക്കണം. നമ്മുടെ അവകാശങ്ങളെ സംരക്ഷിക്കണം. അവകാശങ്ങള്‍ നിങ്ങള്‍ ഉപയോഗിച്ചില്ലെങ്കില്‍ അവ നഷ്ടപ്പെട്ടേക്കും ഇപ്പോള്‍ ജാമ്യത്തിലുള്ള റെസ്സ കോടതി വിധിക്കു ശേഷം പ്രതികരിച്ചു.എട്ടോളം കേസുകളാണ് മരിയ റെസ്സക്കെതിരെയും അവരുടെ മാധ്യമസ്ഥാപനമായ റെപ്ലക്കെതിരെയും പ്രസിഡന്റ് റോഡിഗ്രോ ഡുട്ടെര്‍ട്ടെയുടെ ഭരണകൂടം ഫയല്‍ ചെയ്തിരിക്കുന്നത്. മരിയ റെസ്സ നേരിടുന്ന ഈ കേസുകളില്‍ ആദ്യത്തേതിന്റെ വിധിയാണ് തിങ്കളാഴ്ച ഫിലീപ്പീന്‍ കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗത്തിലൂടെ ആയിരക്കണക്കിന് പേര്‍ മരിച്ചതായ സംഭവത്തില്‍ വാര്‍ത്താ പരമ്പരകള്‍ പ്രസിദ്ധീകരിച്ചതോടെയാണ് 'റാപ്ലര്‍' ഡുട്ടെര്‍ട്ടെ ഭരണകൂടത്തിന്റെ കണ്ണിലെ കരടായത്. സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പ്രസിഡന്റ് ഡുട്ടെര്‍ട്ടെ അനുകൂലെ നെറ്റ് വര്‍ക്കിനെയും മരിയ റെസ്സയുടെ മാധ്യമം തുറന്നുകാട്ടിയിരുന്നു. 2018ല്‍ ലോകത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തികളിലൊരാളായി ടൈംസ് മാസിക മരിയയെ തെരഞ്ഞെടുത്തിരുന്നു.