അന്താരാഷ്ട്ര റബർ മാർക്കറ്റ് മികവ് കാണിക്കുമെന്ന വിശ്വാസത്തിലാണ് ഉൽപാദന രാജ്യങ്ങൾ. ഇതിന്റെ ഫലമായി കേരളത്തിൽ ഷീറ്റ് വില ഉയർന്നു. ടോക്കോമിൽ ജനുവരിയിൽ സെല്ലിംഗ് മൂഡിലേയ്ക്ക് തിരിഞ്ഞ ജൂൺ അവധി പോയവാരം സാങ്കേതിമായി ബുള്ളിഷായി. 197 യെന്നിൽ നിന്ന് 129 യെൻ വരെ റബർ വില ഇടിഞ്ഞു. വാരാന്ത്യം 140 യെന്നിൽ നീങ്ങുന്ന ജൂൺ അവധി മുന്നിലുള്ള രണ്ടാഴ്ചകളിൽ മികവ് കാഴ്ചവെക്കുമെന്ന വിശ്വാസത്തിലാണ് നിക്ഷേപകർ. അതേസമയം വിപണി ഓവർ ബോട്ടായതിനാൽ തിരുത്തൽ സാധ്യത ഉടലെടുക്കാൻ ഇടയുണ്ട്. ടോക്കോമിൽ സെപ്റ്റംബർ അവധി കിലോ 151 യെന്നിൽ ബുള്ളിഷായി നീങ്ങുന്ന സാഹചര്യത്തിൽ ബാങ്കോക്കിലും റബർ 11,497 ൽനിന്ന് കൂടുതൽ നേട്ടം കൈവരിക്കാം. വാരാരംഭത്തിൽ നിരക്ക് 11,064 രൂപയായിരുന്നു. എന്നാൽ ഇത്തരം ഒരു ഉണർവ് ഇന്ത്യയിൽ ദൃശ്യമായില്ല. കൊച്ചിയിലും, കോട്ടയത്തും നാലാം ഗ്രേഡ് വാരാന്ത്യം 12,200 രൂപയിലാണ് കേവലം 200 രൂപയുടെ വർധന. വിപണിയിലെ മാന്ദ്യംമൂലം ഒട്ടുമിക്കതോട്ടങ്ങളിലും വളം ഇടുന്നതിനും റെയിൻ ഗാർഡ് ഒരുക്കുന്നതിലും കർഷകർ താൽപര്യം കാണിച്ചില്ല.
ഏലക്ക സ്വന്തമാക്കാൻ ഇടപാടുകാർ ലേല കേന്ദ്രങ്ങളിൽ മത്സരിച്ചെങ്കിലും ഉൽപന്ന വില അവർ ഉയർത്തിയില്ല. ഈ മാസം നടന്ന ഏട്ട് ലേലങ്ങളിൽ ഏഴിലും വിൽപനയ്ക്ക് വന്ന ഏലക്ക പൂർണമായി വിറ്റഴിഞ്ഞെങ്കിലും ഒരിക്കൽ പോലും കിലോ 2600 ലേയ്ക്ക് ഉയരാനായില്ല. കോവിഡ് പ്രശ്‌നത്തിൽ മാർച്ചിൽ ലേലം നിർത്തുമ്പോൾ ഏലം വില 3000 രൂപയായിരുന്നു. മൺസൂണിൽ ഉൽപാദനം ഉയരുമെങ്കിലും സൗദി അറേബ്യയുടെ തിരിച്ചു വരവ് നേട്ടമാക്കാൻ ഏലത്തിനായില്ല. അവധി വ്യാപാരത്തില 1570 രൂപയിൽ നീങ്ങുന്ന ഏലം ഉയരാനുള്ള ശ്രമത്തിലാണ്. വിപണിയുടെ സാങ്കേതിക വശങ്ങൾ നിരീക്ഷിച്ചാൽ എത് നിമിഷവും ഒരു കുതിച്ചു ചാട്ടത്തിന് ശ്രമം നടത്താം. വാരാന്ത്യം നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോ 2384 രൂപയിലാണ്.
കുരുമുളക് വില സ്റ്റെഡിയാണ്. അന്തർസംസ്ഥാന വ്യാപാരികൾ ചരക്ക് സംഭരിച്ചെങ്കിലും നിരക്ക് ഉയർന്നില്ല. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 4400 ഡോളറായതിനാൽ വിദേശ ഡിമാന്റില്ല. ഇന്തോനേഷ്യയും വിയെറ്റ്‌നാമും മലേഷ്യയും വിൽപനക്കാരായി തുടരുകയാണ്. ഇന്ത്യൻ മാർക്കറ്റ് ലക്ഷ്യമാക്കി ശ്രീലങ്കയും രംഗത്തുണ്ട്. കൊച്ചിയിൽ അൺ ഗാർബിൾഡ് 31,500 രൂപയിലും ഗാർബിൾഡ് 33,500 രൂപയിലും വ്യാപാരം നടന്നു.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചില കൊപ്രയാട്ട് മില്ലുകാർ മാർക്കറ്റുകളിലെത്തിയത് വെളിച്ചെണ്ണ വില ചൂടുപിടിക്കാൻ കാരണമായി. ഇറക്കുമതി കൊപ്രയുടെ ലഭ്യത ചുരുങ്ങിയതാണ് അവരുടെ ശ്രദ്ധ തമിഴ്‌നാട്ടിലേയ്ക്ക് തിരിച്ചത്. കാങ്കയത്ത് കൊപ്ര 8800 ൽ നിന്ന് 9250 ലേയ്ക്ക് അതിവേഗത്തിൽ മുന്നേറി. ഇതിന്റെ ചുവട് പിടിച്ച് കൊച്ചിയിൽ കൊപ്ര വില 9495 ൽ നിന്ന് 9760 രൂപയായി. വില ഉയർന്നങ്കിലും അതിന് അനുസൃതമായി വെളിച്ചെണ്ണ വിൽപന വർധിച്ചില്ല. ഇരു സംസ്ഥാനങ്ങളിലെയും വിലയിലെ അന്തരം കുറഞ്ഞത് ചെറുകിട മില്ലുകാരെ സംഭരണത്തിൽനിന്ന് അൽപം പിൻതിരിപ്പിച്ചു. കാലവർഷമായതിനാൽ വിളവെടുപ്പ് നിലച്ചതിൽ കൊപ്രയ്ക്ക് ഉയർന്ന വില സ്റ്റോക്കിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. എന്നാൽ വ്യവസായികളിൽ നിന്നുള്ള പിൻതുണ ഉറപ്പ് വരുത്താനാല്ലെങ്കിൽ മുന്നേറാനാവില്ല.
ഇതിനിടയിൽ മലേഷ്യൻ പാം ഓയിൽ ഇറക്കുമതി ഇന്ത്യ വർധിപ്പിച്ചു. വർഷാരംഭത്തിൽ മലേഷ്യയെ തഴഞ്ഞ് വ്യവസായികൾ ജക്കാർത്തയിലേയ്ക്ക് ശ്രദ്ധതിരിച്ചിരുന്നു. വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ഉയരുന്നത് ആഭ്യന്തര എണ്ണക്കുരു കർഷകരുടെ കണക്ക് കൂട്ടലുകൾ തെറ്റിക്കാം. കഴിഞ്ഞ ദിവസം ഇന്തോനേഷ്യ പാം ഓയിൽ കയറ്റുമതി ലേവി ഉയർത്താൻ തിരുമാനിച്ചത് രാജ്യന്തര മാർക്കറ്റിൽ എണ്ണ ഉൽപാദകർ തമ്മിലുള്ള മത്സരം ശക്തമാക്കാം.
കേരളത്തിൽ സ്വർണം പുതിയ ഉയരം കീഴടക്കി. ആഭരണ കേന്ദ്രങ്ങളിൽ പവൻ 34,160 ൽ നിന്ന് റെക്കോർഡായ 35,120 ലേയ്ക്ക് ഉയർന്ന ശേഷം ശനിയാഴ്ച്ച 35,000 രൂപയിലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണം 1681 ഡോളറിൽനിന്ന് 1711 ഡോളറിലെ പ്രതിരോധം തകർത്ത് 1744 വരെ ഉയർന്നു, വാരാന്ത്യം വില 1729 ഡോളറിലാണ്. വിപണിക്ക് 1750 ലെ പ്രതിരോധം ഭേദിക്കാനായില്ല. ഈവാരം നിക്ഷേപകർ പിടിമുറുക്കിയാൽ 1756 ലേയ്ക്ക് ഉയരാനാവും, ആ നീക്കം വിജയിച്ചാൽ 1783 വരെ മുന്നേറാനുള്ള കരുത്ത് മഞ്ഞലോഹത്തിന് ലഭ്യമാവും. അതേ സമയം വിൽപന സമ്മർദമുണ്ടായാൽ 1690-1651 ഡോളറിലേയ്ക്ക് തിരുത്തൽ കാഴ്ചവെക്കാം.