ന്യൂദല്‍ഹി- ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുമായുള്ള അതിര്‍ത്തിതര്‍ക്കം സംബന്ധിച്ച പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്. 'ദേശീയ അഭിമാനത്തില്‍ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. നമ്മുടെ രാജ്യം ദുര്‍ബലമല്ല. സുരക്ഷാശേഷി വര്‍ധിച്ചിച്ചിട്ടുണ്ടെന്നും' അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിന് വേണ്ടി സംഘടിപ്പിച്ച വിര്‍ച്വല്‍ റാലിയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
അതിര്‍ത്തിയിലെ സംഭവവികാസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ ഇരുട്ടിലാക്കില്ല. ഉചിതമായ സമയത്ത് വിശദാംശങ്ങള്‍ പങ്കുവെക്കും. ഒരു സാഹചര്യത്തിലും തങ്ങള്‍ ദേശീയ അഭിമാനത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഉറപ്പുനല്‍കുന്നു. ഇന്ത്യ ദുര്‍ബലമല്ല. ദേശീയ സുരക്ഷയില്‍ നമ്മുടെ ശക്തി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ ശക്തി ആരെയും ഭയപ്പെടുത്താനല്ല. മറിച്ച് നമ്മുടെ രാജ്യത്തെ സുരക്ഷിതമാക്കാനാണെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.
ചര്‍ച്ചകളിലൂടെ ഇന്ത്യയുമായുള്ള തര്‍ക്കം പരിഹരിക്കാനുള്ള ആഗ്രഹം ചൈന പ്രകടിപ്പിച്ചതായും ഇന്ത്യന്‍ സര്‍ക്കാരിനും സമാനമായ നിലപാടാണെന്നും ബിജെപി മുതിര്‍ന്ന നേതാവ് പറഞ്ഞു.സൈനിക, നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകളിലൂടെ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാനുള്ള ഞങ്ങളുടെ ശ്രമം കൂടിയാണിത്. ഇരുരാജ്യങ്ങളും സൈനികതലത്തിലുള്ള സംഭാഷണത്തിലാണ് ഏര്‍പ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.