ന്യൂദൽഹി- മ്യാൻമർ അതിർത്തിയിൽ നാഗാ തീവ്രവാദികൾക്കെതിരെ ഇന്ത്യൻ സൈന്യത്തിന്റെ മിന്നലാക്രമണം. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സൈന്യം ആക്രമണം നടത്തിയത്. ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന സൈനികരാണ് അക്രമണം നടത്തിയത്. പട്രോളിംഗ് നടത്തുകയായിരുന്നു സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈന്യം ഉടൻ തിരിച്ചടിക്കുകയും ചെയ്തു. അക്രമത്തിൽ പിടിച്ചുനിൽക്കാനാകാതെ അവിടെനിന്ന് രക്ഷപ്പെടാൻ ഭീകരർ ശ്രമിച്ചെങ്കിലും പലരും കൊല്ലപ്പെട്ടു. ഇന്ത്യൻ സേനയിൽ ആർക്കും പരിക്കില്ലെന്നും കിഴക്കൻ സൈനിക കമാന്റ് അറിയിച്ചു. ഒരു ഡസനോളം സൈനികരാണ് ഓപ്പറേഷനിൽ പങ്കെടുത്തതെന്ന് സൈന്യം അറിയിച്ചു.
രണ്ടു വർഷം മുമ്പും ഇന്ത്യൻ സൈന്യം മ്യാൻമർ അതിർത്തിയിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയിരുന്നു. മണിപ്പൂരിൽ ഇരുപത് സൈനികരെ വധിച്ചതിനുള്ള പ്രതികാരമായിരുന്നു ഇത്.
മ്യാൻമർ അതിർത്തിയിൽ സൈന്യം ഭീകരവിരുദ്ധ നീക്കം നടത്തിയതായി കേന്ദ്രമന്ത്രി രാജവേന്ദ്ര സിംഗ് റാത്തോർ അറിയിച്ചു. അതിർത്തിയിലെ ഭീകരകേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അദ്ദേഹം അറിയിച്ചു.