ന്യൂദല്‍ഹി- കോവിഡ് പ്രതിരോധ കാലത്ത് ഡോക്ടര്‍മാര്‍ക്ക് ശമ്പളവും മതിയായ താമസ സൗകര്യവും ഒരുക്കാത്തതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു സുപ്രീംകോടതി. കോവിഡ് യുദ്ധത്തില്‍ പോരാടുന്ന സൈനികരെ അസംതൃപ്തരാക്കാന്‍ കഴിയില്ല. ഡോക്ടര്‍മാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. ഇത്തരം സംഭവങ്ങളാണോ ഇപ്പോള്‍ വെളിച്ചത്തു വരേണ്ടത്, എന്താണിത് എന്നായിരുന്നു രൂക്ഷമായ ഭാഷയില്‍ കോടതിയുടെ പ്രതികരണം.
ഡോക്ടര്‍മാര്‍ക്ക് മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്നും മതിയായ താമസ സൗകര്യം ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഡോ. ജെറിയല് ബനൈറ്റ്, ഡോ. ആരുഷി ജെയിന്, അഭിഭാഷകന് അമിത് സാഹ്നി എന്നിവരാണ് ഹരജി നല്‍കിയത്. ഹരജിയില്‍ വാദം കേട്ട ജസ്റ്റിസുമാരായ അശോക് ഭൂഷന്, എസ്.കെ കൗള്‍, എം.ആര് ഷാ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിഷയത്തില്‍ അടിയന്തര നടപടിയെടുക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് നിര്‍ദേശിച്ചത്. പരാതിക്കാര്‍ക്ക് തങ്ങളുടെ ആശങ്കകളും നിര്‍ദേശങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നല്‍കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം വെട്ടിച്ചുരുക്കിയതായും ചിലര്‍ക്ക് മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്നും വിശ്വനാഥന് ചൂണ്ടിക്കാട്ടി. ഉടനടി കേന്ദ്ര സര്‍ക്കാരിനെ ശകാരിക്കുകയാണ് കോടതി ചെയ്തത്. ഡോക്ടര്‍മാരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഹരജി വീണ്ടും ജൂണ്‍ 17 നു പരിഗണിക്കും.