ന്യൂദല്‍ഹി- കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രകോപിപ്പിക്കാനും പരിഹസിക്കാനും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ ശ്രമം.
കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക് ഡൗണിനുശേഷം ഇന്ത്യക്കാര്‍ അനുഭവിക്കുന്ന ദുരിതം നേരിടാന്‍ സഹായിക്കാമെന്നാണ് ഇംറാന്‍ ഖാന്റെ വാഗ്ദാനം.
അധിക സാമ്പത്തിക സഹായമില്ലാതെ ഇന്ത്യയിലെ 34 ശതമാനം വീട്ടുകാര്‍ക്കും മുന്നോട്ടു പോകാനാവില്ലെന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് ട്വറ്ററില്‍ അദ്ദേഹത്തിന്റെ പോസ്റ്റ്.
പാക്കിസ്ഥാനില്‍ വിജയിച്ച കാഷ് ട്രാന്‍സ്ഫര്‍ പ്രോഗാം പങ്കുവെക്കാനും സഹായിക്കാനും തയാറാണെന്ന് ഇംറാന്‍ ഖാന്‍ പറയുന്നു.
പണം ജനങ്ങളുടെ കൈകളിലെത്തിക്കുന്നതിലും സുതാര്യതയുടെ കാര്യത്തിലും രാജ്യാന്തര തലത്തില്‍തന്നെ പ്രശംസിക്കപ്പെട്ടതാണ് തങ്ങളുടെ കാഷ് ട്രാന്‍സ് ഫര്‍ പദ്ധതിയെന്നും ഇംറാന്‍ ഖാന്‍ അവകാശപ്പെടുന്നു.
ലോക് ഡൗണ്‍ ആരംഭിച്ച ശേഷം 84 ശതമാനം ഇന്ത്യന്‍ കുടുംബങ്ങളുടേയും മാസവരുമാനം ഇടിഞ്ഞുവെന്നും മൂന്നിലൊരു കുടുംബത്തിന് അധിക വരുമാനമില്ലാതെ ജീവിക്കാനാവില്ലെന്നുമുള്ള ട്രെബ്യൂണ്‍ ഡോട് കോം റിപ്പോര്‍ട്ട് സഹിതമാണ് ഇംറാന്‍ ഖാന്റെ ട്വീറ്റ്.
ഇന്ത്യയില്‍ കുടിയേറ്റ തൊഴിലാളികളടക്കം അനുഭവിക്കുന്ന ദുരിതത്തിന് അറുതിയാകണമെങ്കില്‍ പണം അവരുടെ കൈകളിലെത്തണമെന്ന് സാമ്പത്തിക വിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.