ന്യൂദല്‍ഹി- കശ്മീര്‍ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്ന ഭീകരരെ ഇല്ലാതാക്കാന്‍ ആവശ്യമെങ്കില്‍ വീണ്ടും മിന്നലാക്രമണം നടത്തുമെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത് മുന്നറിയിപ്പ് നല്കി. നിയന്ത്രണരേഖയ്ക്കു സമീപം ഭീകര ക്യാംപുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. അവിടെനിന്നാണ് ഭീകരര്‍ നുഴഞ്ഞുകയറുന്നത്. അതിര്‍ത്തിയില്‍ എത്തുന്നവരെ കുഴിമാടത്തിലേക്കയക്കാന് ഇന്ത്യന്‍ സേന കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉറി സൈനിക താവളത്തിനു നേരെ ആക്രമണമുണ്ടായതിനു പിന്നാലെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സേന മിന്നലാക്രമണം നടത്തിയിരുന്നു. പാക്കിസ്ഥാനുള്ള സന്ദേശമായിരുന്നു മിന്നലാക്രമണം. അത് അവര്‍ക്കു മനസിലായിട്ടുണ്ട്. ആവശ്യമെങ്കില്‍ അത്തരം നടപടികള്‍ ഇനിയും തുടരുമെന്ന് റാവത്ത് പറഞ്ഞു.