ചണ്ഡീഗഡ്- എയ്ഡ്‌സിനെ കുറിച്ച് സമൂഹത്തിലുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ കോടികള്‍ ചെവഴിച്ച് പുറത്തിറക്കിയ പരസ്യത്തില്‍ തെറ്റായ വിവരം ഉള്‍പ്പെടുത്തി പഞ്ചാബ് സര്‍ക്കാര്‍ വെട്ടിലായി. എയ്ഡ്‌സ് ബാധിതരുടെ കൈപിടിച്ചാലും രോഗം പകരുമെന്ന തെറ്റായ വിവരം എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പഞ്ചാബ് സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പുറത്തിറക്കിയ ലഘുലേഖയിലാണ് ഉള്‍പ്പെട്ടത്. രോഗബാധിതര്‍ ഉപയോഗിച്ച പാത്രങ്ങള്‍, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിച്ചാലും എയ്ഡ്‌സ് പകരാന്‍ സാധ്യതയുണ്ടെന്ന് ലഘുലേഖയില്‍ പറയുന്നു. എച്ച് ഐ വി ബാധിതര്‍ ഉപയോഗിച്ച ശുചിമുറി ഉപയോഗിക്കാന്‍ പാടില്ലെന്നും ഇതില്‍ പറയുന്നുണ്ട്.
ഈ ലഘുലേഖ തയാറാക്കിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. ദേശീയ എയ്ഡ്‌സ് നിയന്ത്രണ പദ്ധതിയുടെ ഭാഗമായി 1998 മുതല്‍ പഞ്ചാബില്‍ സൊസൈറ്റി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗത്തിലൂടെ എയ്ഡ്‌സ് ബാധിച്ച ഏറ്റവും കൂടുതല്‍ പേരുള്ള സംസ്ഥാനത്ത് ഇത്തരം തെറ്റായ വിവരങ്ങള്‍ ജനങ്ങള്‍ക്ക് കൈമാറുന്നത് ഭൂഷണമല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
മയക്കു മരുന്ന് കുത്തിവയ്ക്കുന്നതിലൂടെയാണ് പഞ്ചാബിലെ രോഗബാധിരില്‍ ഭൂരിപക്ഷത്തിനും എച്ച് ഐ വി പിടിപെട്ടത്. 2015-ലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 49,000 എച്ച് ഐ വി ബാധിതരുണ്ട്. അമൃത്‌സറിലാണ് ഏറ്റവുമധികം രോഗബാധിതരുള്ളത്.