Sorry, you need to enable JavaScript to visit this website.

കണ്ടെയ്ന്‍മെന്റ് സോണുകളിലെ 30% ആളുകള്‍ക്കും കോവിഡ്; ഐസിഎംആര്‍ സര്‍വ്വേ

ന്യൂദല്‍ഹി-ഇന്ത്യയിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലെ ജനസംഖ്യയില്‍ 15മുതല്‍ 30%വരെ കോവിഡ് ബാധയേറ്റവരെന്ന് പഠനങ്ങള്‍. പലരും രോഗമുക്തി നേടിയിട്ടുണ്ടാകുമെന്നും സര്‍വ്വേയില്‍ പറയുന്നു. ഹോട്ടസ്‌പോട്ടുകളിലെ ആളുകളുടെ സാംപിളുകള്‍ ശേഖരിച്ച് ഐസിഎംആര്‍ നടത്തിയ സിറോ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. മുംബൈ, പുനെ, താനെ, ദല്‍ഹി, ഇന്‍ഡോര്‍, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ്, സൂറത്ത് , ജയ്പുര്‍ തുടങ്ങിയ 10 കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നായി ഐസിഎംആര്‍ 500 സാമ്പിളുകള്‍ ശേഖരിച്ചു എന്നാണ് ദി ന്യൂ ഇന്ത്യന്‍എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.  രാജ്യവ്യാപകമായി ഐസിഎംആര്‍ നടത്തുന്ന ആദ്യ സിറോ സര്‍വ്വെ കൂടിയാണിത്.
രാജ്യത്തെ ആകെ കോവിഡ് കേസുകളില്‍ 70 ശതമാനവും ഈ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നാണ്.
രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ ശരിയായ കണക്കറിയാന്‍ എലിസ ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് ഐസിഎംആര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.ഐജിജി ആന്റിബോഡിയുടെ സാന്നിധ്യമുണ്ടോ എന്നാണ് എലീസ ടെസ്റ്റിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്നത്. രോഗബാധിതരായ ഒരാളുടെ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡിയാണ് ഐജിജി. കൂടുതല്‍ പേരില്‍ ഈ ടെസ്റ്റ് നടത്തുന്നതിലൂടെ രോഗത്തിന്റെ സമൂഹ വ്യാപന സാധ്യത മനസ്സിലാക്കാന്‍ സാധിക്കും.
സാര്‍സ് കോവ് 2 വൈറസ് വ്യാപനത്തിന്റെ തോത് പരിശോധിക്കുന്നതിനായി എലിസ ആന്റിബോഡി ടെസ്റ്റിന്റെ ഒരു പൈലറ്റ് സീറോ സര്‍വേ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. നിലവില്‍ രോഗം പടരുന്നതിന്റെ കാര്യത്തില്‍ രാജ്യം എവിടെയെത്തി നില്‍ക്കുന്നു എന്നതിന്റെ അടിസ്ഥാന ധാരണ ലഭിക്കുന്നതിനായാണ് ഐസിഎംആര്‍ പൈലറ്റ് സര്‍വേ നടത്തിയത്. സിറോ സര്‍വേയോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിച്ചു.
നിരവധി വൈറല്‍ അണുബാധകള്‍ എലിസ ആന്റിബോഡി ടെസ്റ്റിലൂടെ കണ്ടെത്താറുണ്ട്. 57 ദിവസത്തെ രോഗബാധയ്ക്കു ശേഷം രോഗം കണ്ടെത്തുന്നതിന് ആന്റിബോഡി പരിശോധനകള്‍ ഉപയോഗപ്രദമാണ്. കോവിഡ് രോഗബാധിതനായ ഒരാളില്‍ രണ്ടാഴ്ചയ്ക്കു ശേഷം മാത്രമേ ഐജിജി ആന്റിബോഡിയുടെ സാന്നിധ്യം ശരീരത്തില്‍ കാണുകയുള്ളൂ. അത് മാസങ്ങളോളം നീണ്ടുനില്‍ക്കുകയും ചെയ്യും. രോഗംവന്ന് മാറിയ ഒരാളിലേ ഈ ടെസ്റ്റ് നടത്താനാവൂ. നിലവില്‍ ഗുരുതരമായി കോവിഡ് ബാധിച്ച ഒരാളില്‍ ഈ ടെസ്റ്റ് നടത്തി ഫലം കണ്ടെത്താന്‍ കഴിയില്ല.
ലക്ഷണമില്ലാത്ത വ്യക്തികള്‍ ഉള്‍പ്പെടെയുള്ള സാര്‍സ്‌കോവ് 2 വൈറസ് അണുബാധയ്ക്ക് വിധേയമാകുന്ന ജനസംഖ്യയുടെ ഏതാണ്ട് കണക്ക് ലഭിക്കാന്‍ ഈ സര്‍വേകള്‍ സഹായിക്കും. 70 ജില്ലകളില്‍ നിന്നായി 24000 സാമ്പിളുകള്‍ ശേഖരിച്ചാണ് ഐസിഎംആര്‍ നിലവിലെ സര്‍വ്വേ നടത്തിയത്.
 

Latest News