Sorry, you need to enable JavaScript to visit this website.

കെജ്‌രിവാളിന്റെ അസുഖം ഉടന്‍ ഭേദമാകട്ടെ; പിന്തുണയുമായി മമത

ന്യൂദൽഹി- കോവിഡ് ലക്ഷണങ്ങളെ തുടർന്ന് സ്വയം ക്വാറന്റൈനിൽ പോയ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് അസുഖം പെട്ടെന്ന് ഭേദമാകട്ടെ എന്ന ആശംസയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ചെറിയ പനിയും തൊണ്ടവേദനയും പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് കെജ്‌രിവാൾ ക്വാറന്റൈനിൽ പോയത്. കെജ്‌രിവാൾ ക്വാറന്റൈിനിൽ പോയി എന്ന വാർത്ത അറിഞ്ഞുവെന്നും രോഗം പെട്ടെന്ന് ഭേദമായി അദ്ദേഹം പൊതുജന സേവനത്തിന് ഉടൻ എത്തട്ടെയെന്ന് ആശംസിക്കുന്നതായും മമത ട്വീറ്റ് ചെയ്തു. ചെറിയ ലക്ഷണങ്ങൾ കണ്ടതോടെ ഞായറാഴ്ച മുതൽ മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിലാണ്. ഇന്നു കോവിഡ് ടെസ്റ്റ് നടത്തുമെന്നാണ് വിവരം. ഈ ദിവസങ്ങളിലെ ഔദ്യോഗിക കൂടിക്കാഴ്ചകളെല്ലാം തന്നെ മുഖ്യമന്ത്രി റദ്ദാക്കിയിട്ടുണ്ട്.
    ഞായറാഴ്ച മുതൽ ചെറിയ പനിയും തൊണ്ടയ്ക്ക് അസ്വസ്ഥതയുമുണ്ടായതോടെ കേജരിവാൾ ഔദ്യോഗിക വസതിയിൽ സ്വയം നിരീക്ഷണത്തിലേക്ക് മാറി. ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്നാണ് ഇന്ന് കോവിഡ് ടെസ്റ്റ് നടത്തുന്നതെന്ന് ആപ്പ് എംഎൽഎ രാഘവ് ചദ്ദ പറഞ്ഞത്. പ്രമേഹവും വിട്ടു മാറാത്ത ചുമയും ഉള്ളയാളാണ്  കേജരിവാൾ. എല്ലാവർക്കും കടുത്ത ആശങ്കയുണ്ട്. എന്നാൽ, കേജരിവാൾ കരുത്തനായ പോരാളിയാണെന്നും ചദ്ദ പറഞ്ഞു.

    അതിനിടെ ഡൽഹിയിൽ കോവിഡിന്റെ സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്നു വിലയിരുത്തുന്നതിനായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അധ്യക്ഷതയിൽ ഇന്നു യോഗം ചേരും. മുഖ്യമന്ത്രിക്ക് സുഖമില്ല. അദ്ദേഹത്തിന്റെ ആരോഗ്യകാര്യത്തിൽ ആശങ്കയുണ്ടെന്നാണ് സിസോദിയ വീഡിയോ കോൺഫറൻസിംഗ് വഴി നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞത്.
    ഡൽഹിയിൽ കോവിഡിന്റെ സമൂഹ വ്യാപനം ഉണ്ടെന്നു കണ്ടെത്തിയാൽ അടിയന്തരമായി കർമപരിപാടികളിൽ മാറ്റം വരുത്തും. സംസ്ഥാന ദുരന്ത നിവാരണ സമിതിയും വിദ്ധരും ഉൾപ്പെട്ട സംഘമാണ് ഉപമുഖ്യന്ത്രിക്കൊപ്പം യോഗം ചേരുന്നത്.

 

 

 

Latest News