ലണ്ടന്‍-ബ്രിട്ടനിലെ യഥാര്‍ത്ഥ കൊറോണ മരണസംഖ്യയും രോഗികളുടെ എണ്ണവും വലിയ തര്‍ക്കവിഷയമാണ്. സര്‍ക്കാര്‍ കണക്കിലുള്ളതൊന്നുമല്ല രാജ്യത്തിന്റെ കൊറോണ ചിത്രം എന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തു 56 ലക്ഷം പേര്‍ക്കെങ്കിലും രോഗം ബാധിച്ചിരിക്കാം എന്ന് അടുത്തിടെ ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കെയര്‍ ഹോമുകളിലെ ആയിരക്കണക്കിന് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇപ്പോഴിതാ ലോക്ക്ഡൗണ്‍ കാലത്ത് ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന രോഗികളും പ്രായമായവരും മരണപ്പെടുകയും, അത് സമയത്ത് തിരിച്ചറിയാതെ പോവുകയും തുടങ്ങുകയും ചെയ്ത ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കുടുംബവുമായി ബന്ധമില്ലാത്തവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ മനോരോഗികളും വൃദ്ധരും ആണ് ഇങ്ങനെ മരിക്കുന്നവരില്‍ അധികവും. ഇവരില്‍ പലരും രോഗം മൂര്‍ച്ഛിച്ച് തുടങ്ങിയാലും ആശുപത്രിയില്‍ പോകാത്തവരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കാത്തവരുമായിരിക്കും. ഇങ്ങനെയുള്ളവരെ കുറെനാള്‍ കാണാതെ ആകുമ്പോള്‍ മാത്രമാണ് അയല്‍ക്കാരോ ബന്ധുക്കളോ പോലീസിനെയും ആംബുലന്‍സിനെയും വിവരം അറിയിക്കുന്നത്.ലണ്ടനിലെ സീനിയര്‍ പത്തോളജിസ്റ്റും റോയല്‍ കോളേജ് ഓഫ് പാത്തോളജിസ്റ്റ് , ഡെത്ത് ഇന്‍വെസ്റ്റിഗേഷന്‍ ചെയര്‍മാനുമായ ഡോ മൈക് ഒസ്ബോന്‍ പറഞ്ഞത് ' ആരുമറിയാതെ മരണപ്പെട്ടു 7 മുതല്‍ 14 ദിവസം വരെ മൃതശരീരം തിരിച്ചറിയാതെ അനാഥമാക്കപ്പെട്ട നിലയിലുള്ള കേസുകള്‍ അനവധിയാണ് എന്നാണ് . മൃതദേഹങ്ങള്‍ അഴുകി തുടങ്ങുന്നത് പോസ്റ്റ്മോര്‍ട്ടത്തിലൂടെ മരണകാരണം തിരിച്ചറിയുന്നതിന് തടസ്സമാകുന്നു. അതില്‍ മിക്കതും കോവിഡ് ബാധിച്ചുള്ള മരണങ്ങള് ആയിരിക്കും. മാര്‍ച്ച്, ഏപ്രില്‍, മെയ് തുടങ്ങിയ മാസങ്ങളില്‍ ഇത്തരം ഡസന്‍കണക്കിന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ബന്ധുക്കളോടൊപ്പമോ ഒറ്റയ്ക്കോ താമസിച്ചിരുന്ന വ്യക്തികള്‍ ഇങ്ങനെ അനാഥമായി മരണപ്പെടുന്ന എഴുനൂറിലധികം കേസുകള്‍ വൈകി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എല്ലാ കേസുകളും വൈറസ് ബാധമൂലമാണെന്ന് ഉറപ്പിക്കാനാവില്ല, മറ്റു കാരണങ്ങള്‍ മൂലവും മരണങ്ങള് ഉണ്ടാകാം. മരണപ്പെട്ടവരില്‍ പലരും അടിയന്തര വൈദ്യ സഹായം ആവശ്യപ്പെടാന്‍ കഴിയാത്ത നിലയില്‍ ഹാര്‍ട്ട് അറ്റാക്കോ സ്ട്രോക്കോ വന്നവരാണ്. പ്രായം ആകാതെ മരണപ്പെട്ടവര്‍ ആകട്ടെ ഷിസോഫ്രീനിയ, ഡിപ്രഷന് പോലെയുള്ള മാനസിക രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരാണ്. ഒറ്റപ്പെടല്‍ മൂലം മരണപ്പെടുന്നവരും ഉണ്ട്.