Sorry, you need to enable JavaScript to visit this website.

ചികിത്സ ദൽഹി നിവാസികൾക്ക് മാത്രം; വിവാദ ഉത്തരവ് ഗവർണർ മരവിപ്പിച്ചു

ന്യൂദൽഹി- ദൽഹിയിൽ സംസ്ഥാന സർക്കാരിന്റെ ആശുപത്രികളും ചില സ്വകാര്യ ആശുപത്രികളിലും ചികിത്സ ദൽഹിയിൽ താമസിക്കുന്നവർക്കു മാത്രമാക്കി നിജപ്പെടുത്തിയ അരവിന്ദ് കെജ്രിവാളിന്റെ തീരുമാനം ഗവർണർ റദ്ദാക്കി. ദൽഹിയിൽ താമസക്കാരല്ല എന്നതിന്റെ പേരിൽ ഒരാളുടെയും ചികിത്സ നിഷേധിക്കരുതെന്ന് ഗവർണർ ആവശ്യപ്പെട്ടു. ഞായറാഴ്ചയാണ് വിവാദ ഉത്തരവ് കെജ്‌രിവാൾ പുറപ്പെടുവിച്ചത്.  ദൽഹിയോട് ചേർന്നു കിടക്കുന്ന അതിർത്തി സംസ്ഥാനങ്ങളിൽ നിന്നുള്ള രോഗികളുടെ കുത്തൊഴുക്ക് തടയുന്നതിനാണ് നടപടിയെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പടെ കോവിഡ് രോഗികൾക്ക് കിടക്ക ലഭിക്കാതെ ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലായിരുന്നു പുതിയ നടപടി. അതേസമയം, കേന്ദ്ര സർക്കാരിന് കീഴിലുള്ള ആശുപത്രികളിൽ എല്ലാവർക്കും ചികിത്സ തേടാം.
    ഈ വിഷയത്തിൽ ഒരാഴ്ച മുൻപ് കെജ്‌രിവാൾ പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞിരുന്നു. ദൽഹി നിവാസികളിൽ 90 ശതമാനം പേരും ആശുപത്രികളിൽ ചികിത്സ ഡൽഹിക്കാർക്കു മാത്രമായി നിയന്ത്രിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. തുടർന്ന് ഡോക്ടർമാരുൾപ്പടെയുള്ള അഞ്ചംഗ വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ്  തീരുമാനം പ്രഖ്യാപിച്ചത്.
കെജ്‌രിവാളിന്റെ ചികിത്സാ നിഷേധ തീരുമാനം നിരവധി മലയാളികൾ ഉൾപ്പടെ ഇതര സംസ്ഥാനക്കാർ വസിക്കുന്ന തലസ്ഥാനത്ത് വലിയ ആശങ്ക പടർത്തിയിരുന്നു. ദൽഹിയിൽ മതിയായ താമസരേഖ ഇല്ലാത്ത സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ അടക്കമുള്ളമുള്ളവരാണ് തങ്ങൾക്ക് ആശുപത്രികളിൽ ചികിത്സ ലഭിക്കാതെ പോകുമോ എന്ന ആശങ്ക ഉയർത്തിയത്.
ദൽഹി സർക്കാരിനു കീഴിലുള്ള ആശുപത്രികളിലെ പതിനായിരം കിടക്കകൾ ദൽഹി നിവാസികൾക്കായി നീക്കിവെക്കാൻ തീരുമാനിച്ചെന്നാണ് കെജ്‌രിവാൾ പറഞ്ഞത്.

 

Latest News