ആഗോള വിപണിയിൽ സ്വർണം സാങ്കേതിക തിരുത്തലിൽ, കേരളത്തിലും നിരക്ക് കുറഞ്ഞു. സ്വർണത്തിലെ നിക്ഷേപ താൽപര്യം ആഗോള തലത്തിൽ ചുരുങ്ങി. അമേരിക്കയിൽ തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം കുറഞ്ഞത് സാമ്പത്തിക മേഖല നേട്ടമാക്കും. ഇതോടെ സ്വർണത്തിലെ നിക്ഷേപം ഫണ്ടുകൾ കുറച്ചതിനൊപ്പം അവർ പുതിയ ഷോട്ട് പൊസിഷനുകൾക്കും നീക്കം നടത്തുന്നുണ്ടന്ന് വേണം അനുമാനിക്കാൻ. ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1731 ഡോളറിൽ നിന്ന് 1700 ലെ നിർണായക താങ്ങ് തകർത്ത് വാരാന്ത്യം 1670 ഡോളറിലേയ്ക്ക് ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 1681 ഡോളറിലാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ഇതേ കോളത്തിൽ സൂചിപ്പിച്ച 1680-1750 ഡോളർ ടാർജറ്റിൽനിന്ന് പുറത്തു കടക്കാനുള്ള അവസാന ശ്രമത്തിലാണ് സ്വർണം. ഈവാരം 1654-1627 ഡോളറിനെയാവും വിപണി ഉറ്റ്‌നോക്കുക. മുന്നേറിയാൽ 1711 ഡോളറിൽ പ്രതിരോധമുണ്ട്. സ്വർണം അതിന്റെ 50 ദിവസങ്ങളിലെ ശരാശരിയിലും താഴ്ന്നത് തിരുത്തൽ സാധ്യതകൾക്ക് ശക്തിപകരും. കേരളത്തിൽ സ്വർണ വില പവൻ 34,560 ൽനിന്ന് തുടക്കത്തിൽ 35,040 ലേയ്ക്ക് ഉയർന്നങ്കിലും പിന്നീട് നിരക്ക് 34,160 ലേയ്ക്ക് ഇടിഞ്ഞു. ഗ്രാമിന് വില 4320 രൂപയിൽ നിന്ന് 4270 രൂപയായി.
കുരുമുളകിനായി ചൈനീസ് ഇറക്കുമതിക്കാർ ഉത്സാഹിച്ചത് മുഖ്യ ഉൽപാദന രാജ്യങ്ങളിൽ വിലക്കയറ്റം സൃഷ്ടിച്ചു. ചൈനീസ് പുതുവത്സരാഘോഷങ്ങൾക്ക് ശേഷം ആദ്യമായാണ് അവർ മുളക് സംഭരിക്കുന്നത്. ടണ്ണിന് 1800 ഡോളർ വരെ താഴ്ത്തി ചരക്ക് വിൽപന നടത്തിയ വിയെറ്റ്‌നാം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വില 2600 ഡോളറായി ഉയർത്തി. കോവിഡ് വ്യാപനംമൂലം ഇറക്കുമതിക്ക് ബീജിങ് വരുത്തിയ നിയന്ത്രണം രാജ്യത്ത് കുരുമുളക് ക്ഷാമത്തിന് ഇടയാക്കി. അതുകൊണ്ട് തിരക്കിട്ട് ഷിപ്പ്‌മെന്റിന് ഇറക്കുമതിക്കാർ മത്സരിച്ചു. വിയെറ്റ്‌നാം കുരുമുളക് മാർക്കറ്റ് നിയന്ത്രിക്കുന്നത് ചൈനീസ് വംശജരായതിനാൽ കച്ചവടങ്ങൾ പലതും പുറം ലോകം അറിഞ്ഞില്ല. ഇന്തോനേഷ്യൻ കയറ്റുമതിക്കാർ വാരമധ്യം നിരക്ക് ഉയർത്തി ക്വട്ടേഷൻ ഇറക്കിയത് കണ്ട് ബ്രസീലും മലേഷ്യയും കുരുമുളകിൽ പിടിമുറുക്കി. അന്താരാഷ്ട്ര മാർക്കറ്റിലെ ചലനങ്ങൾ ഇന്ത്യൻ മുളക് വില ഉയർത്തി. വിദേശത്തുനിന്ന് മലബാർ മുളകിന് ആവശ്യകാരില്ലെങ്കിലും ആഭ്യന്തര ഡിമാന്റുണ്ട്. പിന്നിട്ടവാരം 600 രൂപ ഉയർന്ന് അൺ ഗാർബിൾഡ് 31,500 രൂപയായി. ഇന്ത്യൻ വില ടണ്ണിന് 4,600 ഡോളർ. കാലവർഷം ശക്തിപ്രാപിക്കും മുമ്പേ കൂടുതൽ കുരുമുളക് ശേഖരിക്കാൻ അന്തർസംസ്ഥാന വ്യാപാരികൾ ഉത്സാഹിച്ചു. ഹൈറേഞ്ചിൽനിന്നും ചെറുകിട വിപണികളിലേയ്ക്കും ടെർമിനൽ മാർക്കറ്റിലേയ്ക്കും ഉയർന്ന അളവിൽ ചരക്ക് എത്തുന്നുണ്ട്. കൊച്ചിയിൽ ഗാർബിൾഡ് മുളക് 33,500 രൂപ.
ഏലക്ക ലേല കേന്ദ്രങ്ങളിൽ ഇടപാടുകാർ നിലയുറപ്പിച്ചെങ്കിലും ലഭ്യത ഉയരാഞ്ഞത് ലേലത്തിന്റെ ആവേശം കുറച്ചു. കാർഷിക മേഖലയിൽ ഏലക്ക സ്‌റ്റോക്കില്ലെന്നാണ് ഉൽപാദകരുടെ പക്ഷം. ഈ മാസം പുതിയ ചരക്ക് വിൽപനയ്ക്ക് സജ്ജമാക്കുന്നതോടെ ലേല കേന്ദ്രങ്ങളിൽ ലഭ്യത ഉയരും. ഉത്തരേന്ത്യയിൽ ഏലം സ്‌റ്റോക്ക് കുറവാണ്. വിദേശത്തും സ്‌റ്റോക്ക് കുറഞ്ഞതിനാൽ വരുന്ന ആറ് മാസങ്ങളിൽ ഉൽപന്നത്തിന് ഡിമാന്റ് തുടരും. പതിവിൽനിന്ന് വിത്യസ്തമായി വർഷാന്ത്യം വരെ സൗദി അറേബ്യൻ ഇറക്കുമതിക്കാരുടെ സാന്നിധ്യവും ഇന്ത്യൻ മാർക്കറ്റിന് നേട്ടമാവും.
ആഗോള വിപണിയിൽ റബർ വില ഉയരുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഉൽപാദന രാജ്യങ്ങൾ. നടപ്പ് വർഷം മൊത്ത ഉൽപാദനത്തിൽ അഞ്ച് ശതമാനം കുറയും. കോവിഡ് പ്രതിസന്ധിമൂലം പല രാജ്യങ്ങളിലും ടാപ്പിംഗ് തടസ്സപ്പെട്ടു. ഇന്തോനേഷ്യയെ ഇത് ഏറ്റവും രൂക്ഷമായി ബാധിച്ചു, അവിടെ റബർ ഉൽപാദനം 12.6 ശതമാനം കുറഞ്ഞ് 2.9 ദശലക്ഷം ടണ്ണിൽ ഒതുങ്ങുമെന്നാണ് കണക്കാക്കുന്നത്. തായ്‌ലൻഡിലും ഉൽപാദനം കുറയും. അതായത് ആഗോള റബർ ഉൽപാദനം 13.13 ദശലക്ഷം ടണ്ണിൽ ഒതുങ്ങും.
ലോക്ഡൗൺ മൂലമുണ്ടായ പുതിയ സംഭവികാസങ്ങളാൽ ഇന്ത്യയിൽ ടയർ ഉൽപാദനവും ഉപഭോഗവും കുറഞ്ഞത് വിപണിയെ ബാധിക്കും. മുന്നിലുള്ള ആറ് മാസം രാജ്യത്തിന്റെ സമ്പദ്ഘടനയിൽ ഉണർവ് കൈവരിക്കാനായില്ലെങ്കിൽ ടയർ ഉൽപാദനം കുറക്കാൻ കമ്പനികൾ നിർബന്ധിതമാവും. സംസ്ഥാനത്ത് നാലാം ഗ്രേഡ് കിലോ 120 രൂപയിലാണ്.
മാസാരംഭ വെളിച്ചെണ്ണയ്ക്ക് ഡിമാന്റ് മങ്ങിയത് നാളികേരാൽപന്നങ്ങളുടെ മുന്നേറ്റത്തിന് തടസ്സമായി. പ്രദേശിക വിപണികളിൽ എണ്ണ വില ഉയരാഞ്ഞത് മില്ലുകാരെ ആശങ്കയിലാക്കി. സംസ്ഥാനത്ത് കാലാവസ്ഥാ മാറ്റം കണക്കിലെടുത്താൽ കൊപ്ര മികവ് നിലനിർത്താം. കൊച്ചിയിൽ കൊപ്ര 9495 രൂപയിലും വെളിച്ചെണ്ണ 14,100 ലുമാണ്.