ഇന്ത്യയിലെ എം.പി.വി ശ്രേണിയിലെ ജനപ്രിയ താരം ഇന്നോവ ക്രിസ്റ്റയുടെ വില ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട വർധിപ്പിച്ചു. ഇന്നോവ ക്രിസ്റ്റയുടെയും ഇന്നോവ ടൂറിംഗ് സ്‌പോർട്ടിന്റെയും ഡീസൽ വകഭേദങ്ങളുടെ വിലയിൽ 30,000 മുതൽ 61,000 രൂപയുടെ വരെ വർധനവാണ് വരുത്തിയത്. പെട്രോൾ എൻജിൻ മോഡലുകളുടെ വില വർധന 30,000 മുതൽ 44,000 രൂപ വരെയാണ്. ഇന്നോവ ക്രിസ്റ്റയുടെ ദില്ലി ഷോറൂം വില 15.66 ലക്ഷം രൂപ മുതൽ 23.63 ലക്ഷം രൂപ വരെയായി ഉയർന്നു. ഇന്നോവ ടൂറിംഗ് സ്‌പോർട്ടിന്റെ ദില്ലി എക്‌സ് ഷോറൂം വില 19.53 ലക്ഷം മുതൽ 24.67 ലക്ഷം രൂപ വരെയായി ഉയർന്നു.
എൻജിനുകൾ ഭാരത് സ്റ്റേജ് ആറ് (ബി.എസ്.ആറ്) നിലവാരത്തിലേക്കു ഉയർത്തിയതു മൂലമുള്ള അധിക ബാധ്യത പങ്കുവയ്ക്കാനും ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കു നേരിട്ട മൂല്യത്തകർച്ചയെ അതിജീവിക്കാനുമാണ് വില വർധനയെന്നാണു കമ്പനിയുടെ വിശദീകരണം. വിപണി സാഹചര്യങ്ങൾ തികച്ചും പ്രതികൂലമായതിനാൽ യഥാർഥ ബാധ്യതയിലൊരു വിഹിതം മാത്രമാണ് ഈടാക്കാൻ നിശ്ചയിച്ചിട്ടുള്ളതെന്നും കമ്പനി അവകാശപ്പെട്ടു.
കൂടുതൽ സുരക്ഷാ ഫീച്ചറുകൾ സ്റ്റാൻഡേഡായി നൽകി 2020 ഇന്നോവ ക്രിസ്റ്റയെ അടുത്തിടെയാണ് ടൊയോട്ട വിപണിയിൽ എത്തിച്ചത്. ഇന്നോവ ക്രിസ്റ്റയുടെ അടിസ്ഥാന വേരിയന്റ് മുതൽ വെഹിക്കിൾ സ്‌റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളാണ് പുതുതായി നൽകിയിരിക്കുന്നത്.