Sorry, you need to enable JavaScript to visit this website.

ചൈനയിൽ വ്യവസായ രംഗം സജീവമായത് സിങ്കിനും ഈയത്തിനും നേട്ടമാകുമോ?

വ്യവസായിക ആവശ്യങ്ങൾക്കു വ്യാപകമായി ഉപയോഗിക്കുന്ന ഈയം, സിങ്ക് എന്നീ ലോഹങ്ങളുടെ വിലകൾ നാലു വർഷത്തെ താഴ്ചക്കു ശേഷം വളർച്ച വീണ്ടെടുക്കുകയാണ്. ലണ്ടൻ മെറ്റൽ എക്‌സ്‌ചേഞ്ചിൽ നാകത്തിന്റെ വില മാർച്ചു മാസം മുതൽ 13 ശതമാനത്തിലേറെ വർധന രേഖപ്പെടുത്തി. ഈയത്തിന് 8 ശതമാനത്തിലേറെ വില വർധനവാണുണ്ടായത്. ഇന്ത്യൻ ഓഹരികളലും ഇതിനു സമാനമായ പ്രവണത ദൃശ്യമാണ്. 
കൊറോണ വൈറസ് മൂലമുളവായ പ്രതിസന്ധി, ആവശ്യത്തിൽ കുത്തനെയുണ്ടായ കുറവ്, സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭീതി എന്നിവ വ്യാവസായിക ലോഹങ്ങളുടെ ആവശ്യത്തിൽ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ട്. ഏറ്റവും വലിയ ഉപഭോക്താവായ ചൈനയിൽ നിന്നുള്ള ഡിമാന്റും കാര്യമായി കുറഞ്ഞു. ലോകമെങ്ങും വ്യാവസായികവും ഉൽപാദനപരവുമായ പ്രവർത്തനങ്ങളിൽ പതിറ്റാണ്ടുകളിലെ ഏറ്റവും കുറവാണു രേഖപ്പെടുത്തിയത്. 


ചൈനയിൽ ഉൽപാദന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തുടങ്ങിയതോടെ ആഗോളതലത്തിൽ പെട്ടെന്നുണ്ടായ ശുഭാപ്തി വിശ്വാസത്തിന്റെ കുതിപ്പാണ് ഇപ്പോൾ അടിസ്ഥാന ലോഹങ്ങളുടെ വില വർധിക്കാൻ ഇടയാക്കിയത്. ഓഹരി വിപണിയിലുണ്ടാകുന്ന നേട്ടവും കോറോണയെത്തുടർന്നുള്ള അടച്ചിടലിനു ശേഷം അനേകം സാമ്പത്തിക മേഖലകൾ വീണ്ടും തുറക്കപ്പെട്ടതും ലോഹങ്ങളുടെ ആവശ്യ സാധ്യതകൾ വർധിപ്പിച്ചു. 


എന്നാൽ ഈ കുതിപ്പ് സമീപ ഭാവിയിൽ തുടരുകയില്ലെന്നാണ് കരുതപ്പെടുന്നത്. കയറ്റുമതി ആവശ്യത്തിലെ കുറവ് ലോക് ഡൗണിനു ശേഷമുള്ള ചൈനയിലെ ഡിമാന്റു കുറയ്ക്കുമെന്നതാണ് കാരണം. മഹാമാരിയുടെ പ്രത്യാഘാതങ്ങൾ കാരണം ആഗോള വ്യവസായ രംഗത്തെ പ്രവർത്തനങ്ങൾ മന്ദഗതിയിൽ തന്നെ തുരാനാണിട. യു.എസും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾ വ്യാപാര ബന്ധങ്ങൾ കൂടുതൽ വഷളാക്കിയേക്കും. ചൈനയിൽ നിന്നുള്ള അടിസ്ഥാന ലോഹങ്ങളുടെ ആവശ്യത്തെ ഇതു ബാധിക്കും. സർക്കാരിന്റെ ഉത്തേജക പദ്ധതികളുടെ ഗുണം സിങ്കിന്റേയും ഈയത്തിന്റേയും വിലയിൽ പ്രതിഫലിക്കാനുള്ള സാധ്യതയും കുറവാണ്. 


ലണ്ടൻ മെറ്റൽ എക്‌സ്‌ചേഞ്ചിലെ സിങ്കിന്റെ കൂടിയ വില ടണ്ണിന് 2560 ഡോളറാണ്. വില ഇനിയും ടണ്ണിന് 1800 ഡോളർ പരിധിക്കു താഴെ പോയാൽ ഉൽപാദനം നിർത്തേണ്ട സ്ഥിതി സംജാതമാകും. മുംബൈ മൾടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ വില ആദ്യം കിലോഗ്രാമിന് 132 രൂപയ്ക്കും 170 രൂപയ്ക്കും ഇടയിലായിരുന്നു. ഇതിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഉൽപന്നത്തെ പുതിയ ദിശയിലേക്കാനയിക്കും. ലണ്ടൻ മെറ്റൽ എക്‌സ്‌ചേഞ്ചിൽ ഈയത്തിന്റെ കുറഞ്ഞവില ടണ്ണിന് 1750 ഡോളറും കൂടിയത് 1800 ഡോളറും ആണ്. വിവിധോൽപന്ന എക്‌സ്‌ചേഞ്ചിലെ വില സമീപ ഭാവിയിൽ കിലോഗ്രാമിന് 160 രൂപയ്ക്കും 122 രൂപയ്ക്കും ഇടയിൽ ഞെരുങ്ങാനാണു സാധ്യത. 

(ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഉൽപന്ന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

   

 

Latest News