ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ സേവന ദാതാക്കളായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള ജിയോ പ്ലാറ്റ്ഫോമിൽ വൻതുകയുടെ ഓഹരി നിക്ഷേപവുമായി അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന മുബാദല ഇൻവെസ്റ്റ്മെന്റ് കമ്പനി രംഗത്ത്. ജിയോ പ്ലാറ്റ്‌ഫോമിൽ 120 കോടി ഡോളർ (9,093.60 കോടി ഇന്ത്യൻ രൂപ) യാണ് മുബാദല ഇൻവെസ്റ്റ്‌മെന്റ് നിക്ഷേപിക്കുന്നത്. ഇതോടെ ജിയോയിലെ 1.85 ശതമാനം ഓഹരികളാണ് കമ്പനി സ്വന്തമാക്കുന്നത്. ഏറ്റവും പുതിയ നിക്ഷേപത്തോടെ ജിയോ 1160 കോടി ഡോളർ (87,658.86 കോടി രൂപ) ആണ് ഇക്കഴിഞ്ഞ ആറ് ആഴ്ചകളിൽ മാത്രമായി സമാഹരിച്ചത്. നിക്ഷേപ ഫണ്ടുകളിൽ ഫേസ്ബുക്ക്, സിൽവർ ലേക്ക, വിസ്റ്റ ഇക്വിറ്റി പാർട്ട്നേഴ്‌സ്, ജനറൽ അറ്റ്ലാന്റിക്, കെ.കെ.ആർ എന്നീ വമ്പൻ കമ്പനികളുടെ നിക്ഷേപങ്ങൾ ഉൾപ്പെടും. ഓഹരി വിറ്റഴിക്കുന്നതിലൂടെ 85,000-90,000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാൻ റിലയൻസ് ജിയോ പദ്ധതിയിടുന്നതായി സാമ്പത്തിക വിദഗ്ധർ നിരീക്ഷിച്ചിരുന്നു.
'നിർണായക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും പുതിയ അവസരങ്ങൾ തുറക്കുന്നതിനുമായി സാങ്കേതിക വിദ്യയുടെ സാധ്യതകളെ മാതൃകായോഗ്യമായി ഉപയോഗപ്പെടുത്തുന്ന വൻകിട കമ്പനികളിൽ നിക്ഷേപം നടത്താനും സജീവമായി പ്രവർത്തിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്'- മുബാദല ഇൻവെസ്റ്റ്മെന്റ് കമ്പനി മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ ഖൽദൂൻ അൽ മുബാറക് പറഞ്ഞു.
ജിയോ ഇതിനകം തന്നെ ഇന്ത്യയിലെ ആശയവിനിമയങ്ങളെയും കണക്റ്റിവിറ്റിയെയും എങ്ങനെ മാറ്റിമറിച്ചുവെന്ന് ഞങ്ങൾ കണ്ടു. ഒരു നിക്ഷേപകനും പങ്കാളിയും എന്ന നിലയിൽ ഇന്ത്യയുടെ ഡിജിറ്റൽ വളർച്ചാ യാത്രയെ പിന്തുണക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ജിയോയുടെ നിക്ഷേപകരുടെയും പങ്കാളികളുടെയും ശൃംഖല ഉപയോഗിച്ച് പ്ലാറ്റ്ഫോം കമ്പനി ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ വികസനം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും ഖൽദൂൽ അൽമുബാറക് കൂട്ടിച്ചേർത്തു.
'ഇന്ത്യയെ ലോകത്തെ പ്രമുഖ ഡിജിറ്റൽ രാജ്യമായി മാറ്റുന്നതിനും ഇന്ത്യയുടെ ഡിജിറ്റൽ വളർച്ചയെ മുന്നോട്ട് നയിക്കുന്നതിനുമുള്ള ഞങ്ങളുടെ യാത്രയിൽ പങ്കാളികളാകാൻ ആഗോള വളർച്ച നിക്ഷേപകരിൽ പ്രമുഖരായ മുബാദല കമ്പനി തീരുമാനിച്ചതിൽ ഞാൻ അതീവ സന്തുഷ്ടനാണ്'- റിയലൻസ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ അംബാനി പറഞ്ഞു. 38.8 കോടിയിൽ അധികം ഉപയോക്താക്കളുമായാണ് ജിയോ പ്ലാറ്റ്‌ഫോം പ്രയാണം തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.