ഭോപ്പാല്‍- മധ്യപ്രദേശില്‍ രണ്ട് ഡസനോളം ബിഎസ്പിയുടെ നേതാക്കളുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം ബിഎസ്പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവപുരിയിലെ കരേര മണ്ഡലത്തില്‍ നിന്ന് മത്സരിച്ചിരുന്ന മുതിര്‍ന്ന പ്രഗിലാല്‍ യാദവിന്റെ നേതൃത്വത്തിലാണ് 25 ഓളം നേതാക്കളും അണികളുമൊക്കെ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
മുന്‍മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള യോഗത്തിന് ശേഷമാണ് അംഗത്വം സ്വീകരിച്ചത്.സിറ്റിങ് എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന 16 സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായി വന്നിരിക്കുകയാണ്.ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗ്വാളിയോര്‍,ചമ്പല്‍ മേഖലയില്‍ നിന്നുള്ളവരാണ് ഭൂരിഭാഗം പേരും.
സെപ്തംബറില്‍ ഉപതെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന പ്രതീക്ഷയ്ക്കിടെയാണ് ബിജെപിയില്‍ നിന്നും ബിഎസ്പിയില് നിന്നും നേതാക്കള്‍ കൊഴിഞ്ഞുപോകുന്നത്.അതേസമയം ഗുജറാത്തിന് വിരുദ്ധമായി രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ മാറ്റിനിര്‍ത്തില്ലെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് ദിഗ്വിജയ് സിങ് അറിയിച്ചു.
ദബ്രയില്‍ നിന്ന് തന്നെ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ദിനേശ് ഖാത്തിക്, മുന്‍ കരേര ജില്ലാ പഞ്ചായത്ത് അംഗം ദീപക് അഹിര്‍വാര്‍, ബിഎസ്പി നേതാവും മുന്‍ ഡെപ്യൂട്ടി കമ്മീഷണറുമായ പി എസ് മണ്ട്ലോയി എന്നിവരും പാര്‍ട്ടിയില്‍ ചേര്‍ന്നു.ബുഡ്നി, റൈസന്‍, സാഞ്ചി എന്നിവിടങ്ങളില്‍ നിന്നുള്ള ഭാരവാഹികളും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു.