ടെക്‌സസ്-കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോകമെമ്പാടും ഇപ്പോള്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വ്യാജവും ഗുണനിലവാരമില്ലാത്തതുമായ എന്‍95 മാസ്‌കുകള്‍ വിറ്റതിന് ചൈനീസ് കമ്പനിക്കെതിരെ കേസെടുത്ത് യുഎസ് നീതിന്യായ വകുപ്പ്. മെഡിക്കല്‍, മറ്റ് മുന്‍നിര ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയുള്ളതാണ് എന്‍95 മാസ്‌ക്. മാസ്‌കുകള്‍ നിര്‍മ്മിച്ച ഗ്വാങ്‌ഡോംഗ് ആസ്ഥാനമായുള്ള കിംഗ് ഇയര്‍ പാക്കേജിങ് ആന്‍ഡ് പ്രിന്റിങ് കമ്പനിയുടെ ഉല്‍പ്പന്നങ്ങളെ യുഎസ് നീതിന്യായ വകുപ്പ് രൂക്ഷമായാണ് കുറ്റപ്പെടുത്തിയത്.
ഏപ്രിലില്‍ കോവിഡ്19 മഹാമാരി യുഎസില്‍ വ്യാപിച്ചപ്പോഴാണ് ചൈനയില്‍ നിന്ന് അരലക്ഷത്തോളം മാസ്‌കുകള്‍ വാങ്ങിയത്. എന്‍ 95 മാസ്‌കുകള്‍ മൂന്ന് ബാച്ചുകളായാണ് കമ്പനി കയറ്റി അയച്ചിരുന്നത്. ഏപ്രിലില്‍ ഇത് 495,200 യൂണിറ്റായിരുന്നു. പരാതി പ്രകാരം ഈ മാസ്‌കുകള്‍ ഇറക്കുമതി ചെയ്യാന്‍ ഒരു മില്യണ്‍ യുഎസ് ഡോളറിലധികം ചെലവായിട്ടുണ്ട്. ഈ മാസ്‌കുകള്‍ എന്‍95 മാനദണ്ഡം പാലിക്കുന്നുവെന്ന് വ്യാജമായി അവകാശപ്പെട്ടെന്നാണ് ചൈനീസ് സ്ഥാപനത്തിനെതിരായ ആരോപണം. ഈ മാസ്‌കുകള്‍ക്ക് യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഒക്കുപ്പേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് സാക്ഷ്യപത്രം നല്‍കിയതായും കമ്പനി തെറ്റിദ്ധരിപ്പിച്ചു. കോവിഡ് വ്യാപനത്തിനെതിരെ പോരാടുന്നതിന് മെഡിക്കല്‍ സഹായം തേടുന്ന രാജ്യങ്ങളിലേക്ക് നിലവാരമില്ലാത്ത മാസ്‌കുകളും വെന്റിലേറ്ററുകളും ചൈന കയറ്റുമതി ചെയ്യുന്നുണ്ട്. കാനഡ, സ്‌പെയിന്‍, നെതര്‍ലാന്റ്‌സ്, ചെക്ക് റിപ്പബ്ലിക്, തുര്‍ക്കി എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇക്കാര്യം മുന്‍പ് പരാതിപ്പെട്ടിരുന്നു.