ന്യൂദല്‍ഹി- ഇന്ത്യന്‍ ഭരണഘടന ശില്‍പ്പിയും രാജ്യത്തെ പ്രഥമ നിയമമന്ത്രിയുമായിരുന്ന ഡോ. ബിആര്‍ അംബേദ്കര്‍ അടക്കമുള്ള പ്രമുഖ വ്യക്തികളുടെ വ്യാജ ഒപ്പിട്ട് ഭൂമി തട്ടിയെടുക്കാനുള്ള ശ്രമം നടത്തിയവരെ പോലിസ് പിടികൂടി.അംമ്രേലി ജില്ലയിലുള്ള വാപി സ്വദേശിയും റിയല്‍എസ്റ്റേറ്റ് കച്ചവടക്കാരനുമായ വാലി മേതര്‍(72) ഇയാളുടെ സുഹൃത്തുക്കളായ യുസഫ് മോത്തിവാല,വിനോദ് ഭട്ട് എന്നിവരാണ് പിടിയിലായത്. അംബേദ്കറിന്റെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും രാജേന്ദ്രപ്രസാദിന്റെയും വ്യാജ ഒപ്പുകളിട്ട് കോടിക്കണക്കിന് രൂപയുടെ ഏക്കര്‍ക്കണക്കിന് ഭൂമിയാണ് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയത്.
ഗാന്ധിനഗറിലെ അമ്രേലി കളക്ടറും എസ്പിയും ഡിഎഫ്‌സിയും എട്ട് മാസത്തോളം നീണ്ട അന്വേഷണത്തിലൊടുവിലാണ് ഇവരെ കുടുക്കിയത്. അമ്രേലി ജില്ലയുടെ 45% വരുന്ന ഭൂമിയാണ് ഇവര്‍ സ്വന്തമാക്കാന്‍ ശ്രമിച്ചത്.സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌കൂള്‍,എയ്‌റോഡ്രോം,റെയില്‍വേ അടക്കം നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഈ ഭൂമിയിലാണ്. ഈ ഭൂമിക്കായി 2008 മുതല്‍ പ്രതികള്‍ കേസും നടത്തിവരികയാണ്. ഗെയ്ക്ക്വാദ് കാലഘട്ടത്തില്‍ തന്റെ മുത്തച്ഛന് അമ്രേലിയുടെ ഭരണകര്‍ത്താവ് സമ്മാനമായി നല്‍കിയതാണ് ഈ ഭൂമിയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
കോടതിയില്‍ നല്‍കിയ രേഖകളില്‍ ബിആര്‍ അംബേദ്കര്‍,സര്‍ദാര്‍ വല്ലഭായ് പട്ടേല്‍,രാജേന്ദ്ര പ്രസാക് എന്നിവരുള്‍പ്പെടെയുള്ളവര്‍ ഈ ഭൂമി പതിച്ചുനല്‍കിയ സര്‍ക്കാര്‍ രേഖകളില്‍ ഒപ്പുവെച്ചിരുന്നു. രേഖകള്‍ക്ക് പഴക്കം തോന്നിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് അധികൃതര്‍ അന്വേഷണം നടത്തിയത്. ഇതില്‍ ഒപ്പുകള്‍ വ്യാജമാണെന്നും രേഖകള്‍ക്ക് പഴക്കം തോന്നാന്‍ ചില വിദ്യകള്‍ ചെയ്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതേതുടര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.