ന്യൂദല്‍ഹി- സമ്പദ് വ്യവസ്ഥക്ക് ഉത്തേജനം നല്‍കുന്നതിന് കോടികളുടെ വമ്പന്‍ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യം അതിജീവിക്കുകയാണ് ലക്ഷ്യം.
രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുന്നതിന് സൗഭാഗ്യ എന്ന പേരിലുള്ള പദ്ധതിയാണ് ഇതിലൊന്ന്. ഇതു പ്രകാരം നാലു കോടി വീടുകളിലേക്ക് സൗജന്യമായി വൈദ്യുതി എത്തിക്കും. 16,000 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ ചെലവിടുക. വൈദ്യുതി കണക്്ഷനു വേണ്ടി പാവപ്പെട്ടവര്‍ ഇനി അധികാരികളെ കാണാന്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടെന്നും കണക്്ഷന്‍ വീടുകളിലെത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂദല്‍ഹിയില്‍ ദീന്‍ദയാല്‍ ഊര്‍ജ ഭവന്‍ മോഡി ഉല്‍ഘാടനം ചെയ്തു.
സൗഭാഗ്യ പദ്ധതിക്കായി 16,320 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഇതില്‍ വലിയൊരു ശതമാനവും കേന്ദ്ര സര്‍ക്കാരായിരിക്കും വഹിക്കുക. മൂന്ന് വര്‍ഷം മുമ്പ് രാജ്യത്ത് വൈദ്യുതി എത്താത്ത 18,000 ഗ്രാമങ്ങളുണ്ടായിരുന്നെങ്കില്‍ ഇന്നത് 3000 ഗ്രാമങ്ങളായി ചുരുങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സൗഭാഗ്യ പദ്ധതിയിലൂടെ ജല, സൗര, ആണവ വൈദ്യുതി പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വൈദ്യുതി ക്ഷാമം നേരിടുന്ന രാജ്യം എന്ന പേര് കളഞ്ഞ് വൈദ്യുതി ആവശ്യത്തിലധികമുള്ള രാജ്യമായി ഇന്ത്യയെ മാറ്റും. വൈദ്യുതി വിപ്ലവമാണ് ലക്ഷ്യം.
അതിനിടെ, രാജ്യത്ത് മൂന്ന് മാസമായി സാമ്പത്തിക മാന്ദ്യമുണ്ടെന്ന് പ്രധാനമന്ത്രി തുറന്നു സമ്മതിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി സുസ്ഥിരമായിരുന്ന സാമ്പത്തിക നില കഴിഞ്ഞ മൂന്ന് മാസമായി മാന്ദ്യത്തിലാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് മോഡി പറഞ്ഞത്. അഴിമതിക്കാരാരും തന്റെ അടുപ്പക്കാരായി ഇല്ല. അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് തന്റേതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക മാന്ദ്യം നേരിടുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്ക് സാമ്പത്തിക കാര്യങ്ങളില്‍ ഉപദേശം നല്‍കാനായി അഞ്ചംഗ സമിതിയെ നിയോഗിച്ചു. നിതി ആയോഗ് അംഗവും സാമ്പത്തിക വിദഗ്ധനുമായ ബിബെക് ഡെബ്‌റോയ് ആണ് അധ്യക്ഷന്‍.