അലീഗഢ്- ഫെബ്രുവരിയില്‍ ഉത്തര്‍പ്രദേശിലെ അലീഗഢില്‍ നടന്ന സി.എ.എ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാതെ തന്നെ ഒരു വര്‍ഷത്തോളം തടവില്‍ വെക്കാന്‍ അനുവദിക്കുന്ന ദേശീയ സുരക്ഷാ നിയമം (എന്‍.എസ്.എ) ചുമത്തി.
ജയിലിലുള്ള നാല് പേര്‍ക്കും എന്‍.എസ്.എ ഉത്തരവ് കൈമാറിയതായി അലിഗഢ് സീനീയര്‍ പോലീസ് സൂപ്രണ്ട് മുനിരാജ് ജി പറഞ്ഞു. ഇംറാന്‍, അന്‍വര്‍, സാബിര്‍, ഫഹീമുദ്ദീന്‍ എന്നിവരാണ് ജയിലിലുള്ളത്. ഇവര്‍ സമര്‍പ്പിച്ച ജാമ്യ ഹരജി സെഷന്‍സ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് എന്‍.എസ്.എ ചുമത്താനുള്ള തീരുമാനം. കേസില്‍ അറസ്റ്റിലായ ഏതാനും പേര്‍ക്ക് ഈയിടെ ജാമ്യം ലഭിച്ചിരുന്നു.
ദേശീയ സുരക്ഷക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി 12 മാസം വിചാരണയില്ലാതെ തടങ്കലിലിടാന്‍ അനുമതി നല്‍കുന്നതാണ് ദേശീയ സുരക്ഷാ നിയമം.
ഫെബ്രുവരി 23-ന് സി.എ.എ വിരുദ്ധ പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് നാലു പേരെയും അറസ്റ്റ് ചെയ്തിരുന്നത്. സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നുവെന്ന് പോലീസ് പറഞ്ഞു. തീവെപ്പും അക്രമവും നടത്തിയ പ്രതിഷേധക്കാര്‍ കോട് വാലി പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ അപ്പര്‍ കോട് പ്രദേശത്ത് പോലീസിനുനേരെ കല്ലെറിഞ്ഞുവെന്നും പറയുന്നു. ജനക്കൂട്ടത്തെ കണ്ണീര്‍ വാതകം പ്രയോഗിച്ചും റബര്‍ ബുള്ളറ്റ് ഉപയോഗിച്ചുമാണ് പിരിച്ചുവിട്ടിരുന്നത്.