ന്യൂദല്‍ഹി- ഇന്ത്യക്കെതിരെ ഉപദ്രവം തുടരുന്ന ചൈനയെ വെറുക്കണമെന്നും അവരുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ആഹ്വാനം ചെയ്ത് യോഗ ഗുരു ബാബാ രാംദേവ്.
ഇന്ത്യക്കു നേരെ ചൈന കൈക്കൊള്ളുന്ന എല്ലാ നടപടികളും ഉപദ്രവമാണെന്ന് ആജ് തക് ചാനലിന്റെ ഇ അജണ്ട പരിപാടിയില്‍ ബാബാ രാംദേവ് ആരോപിച്ചു.
ഇന്ത്യയെ സ്‌നേഹിക്കുന്ന ഒരാള്‍ പോലും ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങില്ലെന്ന് പ്രതിജ്ഞ ചെയ്യണം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ നമ്മള്‍ കേള്‍ക്കുന്നത് ചൈന നമ്മുടെ സഹോദരരാണ് എന്നാണ്. എന്നാല്‍ ഈ സഹോദര സങ്കല്‍പത്തിന് ഇടയില്‍ നിരവധി തവണയാണ് ചൈന നമ്മുടെ വയറില്‍ കത്തി കയറ്റാന്‍ ശ്രമിച്ചത്. ഇന്ത്യയുമായുള്ള വ്യാപാര വരുമാനത്തില്‍ നിന്ന് ലഭിക്കുന്ന ലാഭം ഇന്ത്യയെ തന്നെ ദ്രോഹിക്കാനാണ് അവര്‍ ഉപയോഗിക്കുന്നതെന്ന് ബാബാ രാംദേവ് പറഞ്ഞു. പാക്കിസ്ഥാന് വേണ്ടിയും ചൈന പണം മുടക്കുന്നുണ്ടെന്ന് ബാബാ രാംദേവ് ആരോപിച്ചു.
ഏത് രീതിയിലും ഇന്ത്യയെ ഉപദ്രവിക്കാന്‍ ചൈന തയാറെടുത്തിരിക്കയാണ്. അമേരിക്കക്കും യൂറോപ്പിനുമൊപ്പം ചൈനക്കെതിരെ നാം കൈ കോര്‍ക്കണമെന്നും ബാബാ രാംദേവ് ആവശ്യപ്പെട്ടു. ചൈനയെ ശത്രിവായി കണ്ട് വെറുക്കുന്ന നിലയിലേക്ക് രാജ്യത്തിന്റെ നിലപാട് മാറണം- ബാബാ രാംദേവ് പറയുന്നു.