ചെന്നൈ-ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി പ്രിയാമണിയ്ക്ക് ആശംസകളുമായി വിരാടപര്‍വംസിനിമയുടെ അണിയറപ്രവര്‍ത്തകര്‍. പിറന്നാള്‍ സമ്മാനമായി ചിത്രത്തിലെ പ്രിയാമണിയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്.
നടന്‍ റാണ ദഗുബട്ടി പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ട് ജന്മദിനാശംസ നേര്‍ന്നിട്ടുണ്ട്. ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ ഒരു വേഷമായിരിക്കും വിരാടപര്‍വത്തില്‍ പ്രിയാമണി ചെയ്യുന്നതെന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.
റാണയെ കൂടാതെ സിനിമയുടെ സംവിധായകന്‍ വേണു ഉഡുഗലയും പോസ്റ്റര്‍ പങ്കുവെച്ചു കൊണ്ട് പ്രിയാമണിയ്ക്ക് ആശംസ അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ മാസം വിരാടപര്‍വത്തില്‍ നായികവേഷം ചെയ്യുന്ന സായ് പല്ലവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതുവരെയും സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.റാണ നായകനായ ചിത്രത്തില്‍ സായ് പല്ലവി, പ്രിയാമണി, നന്ദിതാ ദാസ്, ഈശ്വരി റാവു എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും പൂര്‍ത്തിയായി, ഇനി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് ബാക്കിയുള്ളത്.