ന്യൂദൽഹി- പാലക്കാട ജില്ലയിൽ സ്ഫോടകവസ്തു നിറച്ച കൈതച്ചക്ക തിന്ന് ആനയെ കൊലപ്പെടുത്തിയ കേസിൽ കേന്ദ്രം അന്വേഷണം നടത്തുമെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ. ഗർഭിണിയായ ആനയെ വകവരുത്തിയത് ഏറെ സങ്കടപ്പെടുത്തുന്നതാണെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
ആനയെ കൊലപ്പെടുത്തിയ സംഭവം ഗൗരവത്തോടെയാണ് കാണുന്നത്. കുറ്റവാളികളെ പിടികൂടി ശിക്ഷിക്കുമെന്നും സ്ഫോടകവസ്തുക്കൾ നിറച്ച് ആനയെ കൊല്ലുന്ന രീതി ഇന്ത്യൻ സംസ്കാരത്തിന് യോജിച്ചതല്ലെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
കഴിഞ്ഞ മാസം 25നാണ് സൈലന്റ്വാലിയുടെ ബഫർസോണിൽ വരുന്ന തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ പതിനഞ്ച് വയസ്സ് പ്രായമുള്ള പിടിയാനയെ അവശനിലയിൽ കണ്ടെത്തിയത്. വായയും മേൽത്താടിയും കീഴ്ത്താടിയും പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. ജനവാസകേന്ദ്രത്തോടു ചേർന്ന് വെള്ളിയാർ പുഴയിൽ രണ്ടു ദിവസം ഭക്ഷണവും വെള്ളവും കഴിക്കാനാവാതെ ആനയുടെ കിടപ്പ് തുടർന്നു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ രണ്ടു കുങ്കിയാനകളെ കൊണ്ടുവന്ന് ചികിൽസ നടത്താൻ ശ്രമിച്ചുവെങ്കിലും 27ന് വേദന തിന്ന് ആന ചെരിഞ്ഞു. ശ്വാസകോശത്തിൽ വെള്ളം കയറിയതായിരുന്നു മരണകാരണം. മീൻ പിടിക്കാൻ വെച്ച തോട്ട പൊട്ടിയാണ് ആനക്ക് പരിക്കേറ്റത് എന്നായിരുന്നു ആദ്യനിഗമനം. പൈനാപ്പിളിൽ തോട്ട വെച്ച് പന്നികളെ തുരത്തുന്ന രീതി നിലവിലുണ്ടെന്ന് തുടർന്ന് നടന്ന അന്വേഷണത്തിൽ വ്യക്തമായി. പോസ്റ്റ്മാർട്ടം റിപ്പോർട്ട് അത് സ്ഥിരീകരിക്കുകയും ചെയ്തു. ഒരാഴ്ചയോളം പഴക്കമുള്ള മുറിവാണ് ആനയുടെ ശരീരത്തിൽ ഉണ്ടായിരുന്നത് എന്ന് കണ്ടെത്തിയിരുന്നു. മുറിവിൽ ഈച്ചയും പുഴുക്കളും മറ്റും വന്നുകൂടിയതിനാലാകാം ആന പുഴയിലിറങ്ങിയത് എന്നാണ് നിഗമനം.Central Government has taken a very serious note of the killing of an elephant in Mallapuram, #Kerala. We will not leave any stone unturned to investigate properly and nab the culprit(s). This is not an Indian culture to feed fire crackers and kill.@moefcc @PIB_India @PIBHindi
— Prakash Javadekar (@PrakashJavdekar) June 4, 2020
വനപ്രദേശങ്ങളിൽ സാധാരണ സംഭവിക്കാറുള്ള ഒരു ആനയുടെ വേർപാട് എന്ന രീതിയിൽ അവസാനിക്കുമായിരുന്ന സംഭവം വിവാദമായത് നിലമ്പൂർ ഫോറസ്റ്റ് ഓഫീസർ മോഹൻ കൃഷ്ണൻ ഇട്ട ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ്. മൃഗങ്ങളോടുള്ള മനുഷ്യരുടെ ക്രൂരത വെളിപ്പെടുത്തുന്ന സംഭവമെന്ന മട്ടിൽ മണിക്കൂറുകൾക്കകമാണ് വിഷയം ആളിപ്പടർന്നത്. വിദേശ രാജ്യങ്ങളിൽ പോലും സംഭവം ചർച്ചയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വനംവകുപ്പ് വിഷയം ഏറ്റെടുത്തിരിക്കുന്നത്.