Sorry, you need to enable JavaScript to visit this website.

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഗുജറാത്തില്‍ ബിജെപി പണി തുടങ്ങി, ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വെച്ചേക്കും

അഹമ്മദാബാദ്- രാജ്യസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ കോണ്‍ഗ്രസിന്റെ ആറ് എംഎല്‍എമാര്‍ രാജി വെക്കാന്‍ ഒരുങ്ങുന്നു.  ജൂണ്‍ 19ന് നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് മുമ്പില്‍കണ്ട് രണ്ട് എംഎല്‍എമാര്‍ നേരത്തെ രാജിവെച്ചിരുന്നു.മൂന്നാമതൊരു എംഎല്‍എ കൂടി രാജിക്കൊരുങ്ങിയത് കോണ്‍ഗ്രസിനെ ആശങ്കയിലാക്കിയിട്ടുണ്ട്. കര്‍ജന്‍ എംഎല്‍എ അക്ഷയ് പട്ടേല്‍ , കപ്രഡ എംഎല്‍എ ജിതു ചൗധരി എന്നിവര്‍ രാജിവെച്ചതായും ഇനി പാര്‍ട്ടിയുമായി ബന്ധമുണ്ടായിരിക്കില്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

'ഇത് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. അത് ഗുജറാത്താണ്. ബിജെപിക്ക് മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെങ്കില്‍ അവരുടെ ജന്മസ്ഥലമായ ഗുജറാത്തിലും ഈ കൂറുമാറ്റത്തിന് സാധിക്കുമെന്ന് ' എഐസിസിയുടെ മുതിര്‍ന്ന നേതാവ് പ്രതികരിച്ചു.ഗുജറാത്തില്‍ നാല് രാജ്യസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

നിലവിലെ കക്ഷി നില നോക്കിയാല്‍ കോണ്‍ഗ്രസിനും ബിജെപിക്കും രണ്ട് വീതം സീറ്റുകളില്‍ വിജയിക്കാന്‍ സാധിക്കും. എന്നാല്‍ കോണ്‍ഗ്രസ് രണ്ടും ബിജെപി മൂന്നും സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കുന്നത്. രണ്ട് സീറ്റുകളിലുള്ള കോണ്‍ഗ്രസിന്റെ വിജയസാധ്യത ഇല്ലാതാക്കാനാണ് ബിജെപി എംഎല്‍എമാര്‍ക്കിടയില്‍ കൂറുമാറ്റതന്ത്രവുമായി വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്.
 

Latest News