ന്യൂദൽഹി- പ്രവാസികൾക്ക് ഏർപ്പെടുത്തിയ വിമാന സർവീസുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കാര്യങ്ങൾ കൃത്യമായി മനസിലാക്കിയല്ല മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു. മുഖ്യമന്ത്രി പറഞ്ഞ പോലെയല്ല കാര്യങ്ങൾ. ദിവസേന 24 വിമാനങ്ങൾ കേരളത്തിലേക്ക് വരുമെന്നാണ് കേന്ദ്രം അയച്ച കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ആകെ 12 അന്താരാഷ്ട്ര വിമാനങ്ങൾക്ക് മാത്രമാണ് കേരളം അനുമതി നൽകിയതെന്നും മുരളീധരൻ വ്യക്തമാക്കി. ഗൾഫ് സാഹചര്യം പരിഗണിച്ച് നിബന്ധനവെക്കരുതെന്നും കേരളത്തിലേക്കാണ് ഏറ്റവും കൂടുതൽ ആളുകൾ വരേണ്ടതെന്നും മുരളീധരൻ പറഞ്ഞു.
ഒരു മാസത്തിൽ 360 വിമാനങ്ങൾ കേരളത്തിലേക്ക് സർവീസ് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം 36 വിമാനങ്ങൾ മാത്രമേ ചാർട്ട് ചെയ്തിട്ടുള്ളുവെന്നും കൂടുതൽ ചാർട്ട് ചെയ്താൽ അനുവാദം കൊടുക്കാമെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ അത്തരം കാര്യങ്ങളൊന്നും കത്തിൽ സൂചിപ്പിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. തൊഴിലുടമകൾക്ക് ചാർട്ടേർഡ് വിമാനം അയക്കാമെന്ന നിർദേശം സംസ്ഥാന സർക്കാർ അയച്ച കത്തിൽ പറഞ്ഞിട്ടില്ലെന്നും കത്തിലെ വരികൾ പരാമർശിച്ച് മുരളീധരൻ വ്യക്തമാക്കി.
അതേസമയം, വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയവരെ കൊണ്ടുവരുന്നതിന് ഇതുവരെ ഒരു ഫ്ളൈറ്റിനും സംസ്ഥാനം നോ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കി. തൊഴിലുടമകളോ ഏതെങ്കിലും ഗ്രൂപ്പോ സംഘടനകളോ വിമാനം ചാർട്ടർ ചെയ്യുന്നുണ്ടെങ്കിൽ ഒരു തടസ്സവും സംസ്ഥാനം പറഞ്ഞിട്ടില്ല. എന്നാൽ യാത്രക്കാരിൽ നിന്ന് പണം ഈടാക്കി ചാർട്ടേഡ് ഫ്ളൈറ്റിൽ കൊണ്ടുവരികയാണെങ്കിൽ അതിന് സർക്കാർ നിബന്ധന വെച്ചിട്ടുണ്ടെന്നും അദ്ദേഹം പതിവ് പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തിൽ പറഞ്ഞത്:
വിമാന നിരക്ക് ഏകദേശം വന്ദേഭാരത് നിരക്കിന് തുല്യമായിരിക്കണം. സീറ്റ് നൽകുമ്പോൾ മുൻഗണനാ വിഭാഗത്തിൽ വരുന്നവരെ ആദ്യം പരിഗണിക്കണം. ജോലി നഷ്ടപ്പെട്ടവർ, വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞവർ, ഗർഭിണികൾ, മറ്റു രോഗങ്ങളുള്ള വയോധികർ, കുടുംബത്തിൽ നിന്ന് വേർപെട്ടുപോയ കുട്ടികൾ എന്നിവർക്കാണ് മുൻഗണന നൽകേണ്ടത്. മറ്റു വ്യവസ്ഥളൊന്നും ഇല്ല.
ചില സ്വകാര്യ വിമാന കമ്പനികൾ പ്രവാസികളെ വിദേശത്തുനിന്ന് കൊണ്ടുവരുന്നതിന് അനുമതി ചോദിച്ചിട്ടുണ്ട്. അതിനും സർക്കാർ അനുമതി നൽകുന്നതാണ്. സ്പൈസ് ജെറ്റിന് കേരളത്തിലേക്ക് 300 ഫ്ളൈറ്റിന് അനുമതി നൽകിയിട്ടുണ്ട്. ഒരുദിവസം പത്ത് എന്ന തോതിൽ ഒരുമാസം കൊണ്ടാണ് ഇത്രയും ഫ്ളൈറ്റ് വരിക. കോവിഡ് 19 ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുന്നവരെയാണ് കൊണ്ടുവരിക എന്ന് സ്പൈസ് ജെറ്റ് അറിയിച്ചിട്ടുണ്ട്. ഇത് സ്പൈസ് ജെറ്റ് ഏർപ്പെടുത്തിയ നിബന്ധനയാണ്. സ്പൈസ് ജെറ്റിനു അനുമതി നൽകിയ 300 ഫ്ളൈറ്റിന് പുറമെ അബുദാബി കെ.എം.സി.സിക്ക് 40 ചാർട്ടേഡ് ഫ്ളൈറ്റിനും അനുമതി കൊടുത്തിട്ടുണ്ട്.
വന്ദേഭാരത് പരിപാടിയിൽ പെടാതെയുള്ള 40 ചാർട്ടേഡ് ഫ്ളൈറ്റുകൾക്ക് വിദേശമന്ത്രാലയത്തിന് കേരളം അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ജൂൺ 2 വരെ 14 ഫ്ളൈറ്റുകൾ മാത്രമാണ് ഷെഡ്യൂൾ ചെയ്തത്. അനുമതി നൽകിയതിൽ 26 ചാർട്ടേഡ് ഫ്ളൈറ്റുകൾ ഇനിയും ഷെഡ്യൂൾ ചെയ്യാനുണ്ട്. അതു പൂർത്തിയായാൽ ഇനിയും ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകാൻ കേരളം തയ്യാറാണ്.
വന്ദേഭാരത് മിഷനിൽ ഇനി എത്ര ഫ്ളൈറ്റുകൾക്ക് അനുമതി നൽകണമെന്ന് വിദേശ മന്ത്രാലയത്തോട് നാം ചോദിച്ചിട്ടുണ്ട്. ഈ വിവരം കിട്ടിയാൽ അത്രയും ഫ്ളൈറ്റുകൾക്ക് അനുമതി നൽകാനാണ് തീരുമാനം.വിമാനത്താവളങ്ങളിലും റെയിൽവെ സ്റ്റേഷനുകളിലും അതിർത്തി ചെക്ക്പോസ്റ്റുകളിലും വൈദ്യപരിശോധന, അതിനുശേഷം ക്വാറന്റൈൻ, വിദേശത്തുനിന്ന് എത്തിയവർക്ക് ക്വാറന്റൈൻ കഴിയുമ്പോൾ സ്രവ പരിശോധന, പോസിറ്റീവ് ആവുന്നവർക്ക് വിദഗ്ധ ചികിത്സയും പരിചരണവും, വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരുടെ നിരീക്ഷണം, വൃദ്ധർക്കും രോഗികൾക്കും പ്രത്യേക ശ്രദ്ധ - ഇതെല്ലാം ചിട്ടയായി നാം ചെയ്തുകൊണ്ടിരിക്കുകയാണ്. പുറത്തുനിന്ന് ആളുകൾ വരാൻ തുടങ്ങിയപ്പോൾ രോഗമുള്ളവരുടെ എണ്ണം ഗണ്യമായി കൂടിയിട്ടുണ്ടെങ്കിലും സമ്പർക്കത്തിലൂടെ രോഗം പകരുന്നതിന്റെ തോത് പിടിച്ചുനിർത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.
മെയ് 7 മുതലാണ് വിദേശത്തുനിന്ന് വന്ദേഭാരത് പരിപാടി പ്രകാരം ഫ്ളൈറ്റുകൾ വരാൻ തുടങ്ങിയത്. ജൂൺ 2 വരെ 140 ഫ്ളൈറ്റുകൾ വന്നു. 24333 പേരാണ് വിമാനം വഴി വന്നത്. കൂടാതെ 3 കപ്പൽ വഴി 1488 പേരും വിദേശത്തുനിന്ന് എത്തി. മൊത്തം 25821 പേരാണ് വിദേശ രാജ്യങ്ങളിൽ നിന്ന് വന്നത്. വന്ദേഭാരതത്തിന്റെ ഭാഗമായി ഫ്ളൈറ്റുകൾ വരുന്നതിന് സംസ്ഥാന സർക്കാർ ഒരു നിബന്ധനയും വെച്ചിട്ടില്ല. ഒരു ഫ്ളൈറ്റും വേണ്ടെന്ന് പറഞ്ഞിട്ടുമില്ല. മാത്രമല്ല, കേന്ദ്ര വിദേശമന്ത്രാലയം ചോദിച്ച എല്ലാ ഫ്ളൈറ്റിനും അനുമതി നൽകിയിട്ടുമുണ്ട്.
വന്ദേഭാരതത്തിന്റെ രണ്ടാം ഘട്ടത്തിൽ ജൂൺ മാസം ഒരു ദിവസം 12 ഫ്ളൈറ്റ് ഉണ്ടാകുമെന്നാണ് വിദേശ മന്ത്രാലയം പറഞ്ഞത്. സംസ്ഥാനം അതിന് പൂർണസമ്മതം അറിയിച്ചു. അതുപ്രകാരം ജൂണിൽ 360 ഫ്ളൈറ്റുകളാണ് വരേണ്ടത്. എന്നാൽ, ജൂൺ 3 മുതൽ 10 വരെ 36 ഫ്ളൈറ്റുകൾ മാത്രമാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
അതിനർത്ഥം കേരളം അനുമതി നൽകിയ 324 ഫ്ളൈറ്റുകൾ ജൂൺ മാസത്തിലേക്ക് ഇനിയും ഷെഡ്യൂൾ ചെയ്യാനുണ്ട് എന്നാണ്. കേന്ദ്രസർക്കാർ ഉദ്ദേശിച്ച രീതിയിൽ ഫ്ളൈറ്റ് ഓപറേറ്റ് ചെയ്യാൻ അവർക്ക് കഴിയുന്നില്ല എന്നാണ് ഇതിൽനിന്ന് മനസ്സിലാകുന്നത്. അതിൽ കുറ്റപ്പെടുത്താനാവില്ല. രാജ്യമാകെ ബാധകമായ വലിയൊരു ദൗത്യമായതുകൊണ്ട് ഒന്നിച്ച് ഒരുപാട് ഫ്ളൈറ്റുകൾ അയച്ച് ആളുകളെ കൊണ്ടുവരുന്നതിന് പ്രയാസമുണ്ടാകും.
കേരളത്തെ സംബന്ധിച്ച്, ഇപ്പോൾ അനുമതി നൽകിയതിൽ ബാക്കിയുള്ള 324 ഫ്ളൈറ്റുകൾ ഷെഡ്യൂൾ ചെയ്തുകഴിഞ്ഞാൽ ഇനിയും ഫ്ളൈറ്റുകൾക്ക് അനുമതി നൽകാൻ ഒരുക്കമാണ്. അതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ചെയ്യേണ്ട ക്രമീകരണങ്ങളെല്ലാം സർക്കാർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു