സോള്‍- ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തിയെന്ന അഭ്യൂഹങ്ങള്‍ക്കിടെ ബോംബര്‍ വിമാനങ്ങള്‍ പറത്തി അമേരിക്കയുടെ മുന്നറിയിപ്പ്. ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്തിനടുത്തുകൂടിയാണ് ബോംബര്‍ വിമാനങ്ങള്‍ പറന്നത്.
മേഖലയില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിംഗ് ജോംഗ് ഉന്‍ സൃഷ്ടിക്കുന്ന അനാവശ്യ ഭീഷണികള്‍ക്കുള്ള മറുപടിയായാണ് ബോംബര്‍ വിമാനങ്ങള്‍ പറത്തിയതെന്ന് പെന്റഗണ്‍ പറഞ്ഞു. അനാവശ്യ പ്രകോപനങ്ങള്‍ തുടര്‍ന്നാല്‍ വിശാലമായ സൈനിക സാധ്യതകള്‍ മുന്നിലുണ്ടെന്ന് നേരത്തെ അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെ, ആത്മഹത്യാപരമായ ദൗത്യത്തിലാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റീ യോംഗ് ഹോ യു.എന്നില്‍ പറഞ്ഞു.
ഉത്തര കൊറിയയുടെ ആണവ പരീക്ഷണ സ്ഥലത്തിനു സമീപം ശനിയാഴ്ച നേരിയ ഭൂചലനമുണ്ടായതാണ് പുതിയ ആണവ പരീക്ഷണ സാധ്യതയെക്കുറിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയത്. ഇത് പുതിയ ആണവ പരീക്ഷണമാണോ എന്നു ചൈന സംശയിക്കുമ്പോള്‍ സ്വാഭാവിക ഭൂചലനമാണെന്നാണു ദക്ഷിണ കൊറിയ കരുതുന്നത്.