മൊഹാലി- ഇന്ത്യൻ സമ്പദ്വ്യവസ്ഥ കൂപ്പുകുത്തുകയാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. നോട്ടുനിരോധനമെന്ന സാഹസികതയാണ് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ താറുമാറാക്കിയതെന്നും മൻമോഹൻ സിംഗ് ആരോപിച്ചു. സാങ്കേതികമായോ സാമ്പത്തികമായോ ഒരാവശ്യവും ഇല്ലാത്ത നടപടിയായിരുന്നു നോട്ടുനിരോധനം. ലോകത്തെ ഒരു പുരോഗമന രാജ്യത്തും നോട്ടുനിരോധനം വിജയിച്ചിട്ടില്ല. ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ മാത്രമാണ് നോട്ടുനിരോധനം കൊണ്ട് എന്തെങ്കിലും ഫലമുണ്ടായത്. നോട്ടുനിരോധനം ആവശ്യമായിരുന്നുവെന്ന് തനിക്കൊരിക്കലും തോന്നിയിട്ടില്ലെന്നും മൊഹാലിയിൽ നടന്ന ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് ലീഡർഷിപ്പ് ഉച്ചകോടിയിൽ മൻമോഹൻ വ്യക്തമാക്കി. നോട്ടുനിരോധനവും ജി.എസ്.ടി നടപ്പാക്കലും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പിന്നോട്ടടിപ്പിക്കുമെന്ന് മാസങ്ങൾക്ക് മുമ്പ് താൻ പറഞ്ഞതാണെന്നും ഇതാണ് ഇപ്പോൾ ദൃശ്യമാകുന്നതെന്നും മൻമോഹൻ സിംഗ് പറഞ്ഞു. യു.പി.എ സർക്കാറിന്റെ കാലത്ത് സ്വകാര്യനിക്ഷേപങ്ങളുടെ തോത് 35-37 ശതമാനമായിരുന്നു. നിലവിൽ ഇത് മുപ്പത് ശതമാനത്തോളമാണ്. സ്വകാര്യനിക്ഷേപങ്ങളും സംരംഭങ്ങളും വളരുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മൻമോഹൻ സിംഗ് പറഞ്ഞു.