ചെന്നൈ- തമിഴ്‌നാട്ടില്‍ മുടിവെട്ടാന്‍ ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധം. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായാണ് തീരുമാനം. മുടിയോ താടിയോ വെട്ടാന്‍ വരുന്നവരുടെ ആധാര്‍ നമ്പര്‍ എഴുതിയെടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. പേര്,മൊബൈല്‍ നമ്പര്‍,ആധാര്‍ നമ്പര്‍ എന്നിവ ബാര്‍ബര്‍ ഷോപ്പുകളില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം.
'ഉപഭോക്താക്കളുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നതിന് സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, സ്പാകള്‍ എന്നിവ രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് റവന്യൂ അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ ജെ രാധാകൃഷ്ണന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നു.' കൊറോണ വൈറസ് വ്യാപനം തടയാനും അണുബാധ കണ്ടെത്താനും വേണ്ടിയാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്. ഇന്ന് മാത്രം ആയിരത്തില്‍പരം ആളുകള്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊറോണ സ്ഥിരീകരിച്ചത്. പതിമൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.