മിനിയാപോളിസ്, യു.എസ്- കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റേത് കൊലപാതകമെന്ന് ഔദ്യോഗിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മിനിയാപോളിസ് പോലീസ് ഉദ്യോഗസ്ഥന്‍ ജോര്‍ജ് ഫ്േളായ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ട് ഊന്നിനിന്ന വളയില്‍ ഹൃദയസ്തംഭനം മൂലമാണ് 46കാരന്‍ മരണപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിന്റെ സ്വഭാവം കൊലപാതകമാണെന്നും ഹെന്നെപിന്‍ കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ പ്രസ്താവനയില്‍ പറഞ്ഞു. ജോര്‍ജിന്റെ മോശം ആരോഗ്യനിലയും മയക്കുമരുന്ന് ഉപയോഗവും മരണത്തിന് കാരണമായെന്നും പറയുന്നുണ്ട്.
ഫ്‌ളോയ്ഡിന്റെ കുടുംബം നിയോഗിച്ച സ്വകാര്യ പരിശോധന ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ഔദ്യോഗിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നത്. ഫ്‌ളോയ്ഡ് ശ്വാസം കിട്ടാതെയാണ് മരിച്ചതെന്നായിരുന്നു അവര്‍ കണ്ടെത്തിയത്. പോലീസുകാര്‍ കഴുത്തിലും പുറത്തും അമര്‍ത്തി ചവിട്ടിയതിനെത്തുടര്‍ന്ന് ശ്വാസം കിട്ടാതെ മരിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്.
എട്ട് മിനുറ്റ് 46 സെക്കന്‍ഡ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്േളായ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ട് ഊന്നിനിന്നാണ് വെളുത്ത വര്‍ഗക്കാരനായ പോലീസ് ഓഫീസര്‍ ഡെറിക് ചോവന്‍ കൊലപ്പെടുത്തിയത്. വേദനയെടുക്കുന്നു, ശ്വാസം മുട്ടുന്നു എന്ന് കരഞ്ഞുപറഞ്ഞിട്ടും ഫ്‌ളോയ്ഡിനെ ഡെറിക് ചോവന്‍ വിട്ടിരുന്നില്ല. നിരായുധനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊലപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
പിന്നാലെ അമേരിക്കയില്‍ പോലീസിന്റെ വംശവെറിക്കെതിരെ വിവിധ നഗരങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായാണ് രാജ്യം ആഭ്യന്തര പ്രക്ഷോഭങ്ങളുടെ ചൂടറിയുന്നത്. ഫ്‌ളോയ്ഡിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങള്‍ തുടര്‍ച്ചയായ ആറാം ദിനവും തുടരുകയാണ്. മിനിയാപൊളിസിലെ തെരുവുകള്‍ 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന മുദ്രാവാക്യം കൊണ്ടാണ് ഇപ്പോള്‍ പ്രകമ്പനം കൊള്ളുന്നത്.