Sorry, you need to enable JavaScript to visit this website.

ഏലക്ക ലേലം പുനരാരംഭിച്ചു; കർഷകർക്ക് ആശ്വാസം

ഏലക്ക ലേലം പുനരാരംഭിച്ചത് ഹൈറേഞ്ചിലെ ഏലം കർഷകർക്ക് ആശ്വാസമായി. മാർച്ച് ഇരുപത് മുതൽ ലേലം സ്തംഭിച്ചത് കർഷകരെയും വാങ്ങലുകാരെയും കയറ്റുമതി സമൂഹത്തെയും ഒരു പോലെ പ്രതിസന്ധിയിലാക്കിയിരുന്നു. ലോക് ഡൗണിൽ കേരളം സ്തംഭിച്ചതിനാൽ വിഷു, ഈസ്റ്റർ ഡിമാൻറ് മാത്രമല്ല, റമദാൻ ഓർഡർ വരെ നഷ്ടപ്പെട്ടത് ഉൽപാദകർക്ക് തിരിച്ചടിയായി. ലേലം പുനരാരംഭിച്ച സാഹചര്യത്തിൽ ഇടപാടുകാർ ഏലത്തിൽ പിടിമുറുക്കാം. ഉത്തരേന്ത്യയിൽ ഏലം സ്‌റ്റോക്ക് കുറഞ്ഞതിനാൽ ഇനിയുള്ള ദിവസങ്ങളിൽ അവർ  വില ഉയർത്താനും ഇടയുണ്ട്. കയറ്റുമതി വിപണിയിൽ പ്രിയമേറിയതും അറബ് രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി നടത്തുന്നതുമായ വലിപ്പം കൂടിയ ഇനങ്ങൾക്ക് ക്ഷാമമുണ്ട്. വാരത്തിന്റെ രണ്ടാം പകുതിയിൽ നടന്ന ആദ്യ ലേലത്തിൽ മികച്ചയിനങ്ങൾ കിലോ 2410 രൂപയിൽ കൈമാറി. ഇതിനിടയിൽ കാലവർഷം കേരളം ലക്ഷ്യമാക്കി നീങ്ങുകയാണ്. വേനൽ മഴ പതിവിലും കൂടുതലായിരുന്നു. മാർച്ച്-മേയിൽ ഒമ്പത് ശതമാനം മഴ കൂടുതലായി ലഭിച്ചു. കാലവർഷവും അനുകൂലമായാൽ സുഗന്ധവ്യഞ്ജനങ്ങളുടെ ഉൽപാദനം ഉയരും.  ഏതാനും വർഷങ്ങൾക്ക് ശേഷം സൗദി അറേബ്യയിലേയ്ക്ക് കയറ്റുമതി നടത്തിയ ഇന്ത്യൻ ഏലത്തിന് ഗംഭീര സ്വീകരണം ലഭിച്ചു. ആദ്യ കയറ്റുമതിയായി 12 ടൺ സൗദിയിൽ ഇറക്കി. പുതിയ ഓർഡറുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് വിപണി വൃത്തങ്ങൾ. നേരത്തെ പ്രതിവർഷം 3000-3500 ടൺ ഏലക്ക ഇവിടെ നിന്ന് സൗദിയിലേയ്ക്ക് കയറ്റുമതി നടത്തിയിരുന്നു. പുതിയ സീസണിൽ മറ്റ് അറബ് രാജ്യങ്ങളും രംഗത്ത് ഇറങ്ങുന്നതോടെ നിരക്ക് വീണ്ടും ഉയരാം. 


അന്തർസംസ്ഥാന വ്യാപാരികൾ കുരുമുളകിനായി കാണിച്ച ഉത്സാഹം നിരക്ക് ഉയർത്തി. പുതിയ അധ്യയന വർഷാരംഭമായതിനാൽ പണത്തിന് നേരിട്ട ഞെരുക്കവും കർഷകരെ വിപണിയിലേയ്ക്ക് അടുപ്പിച്ചു. പൗഡർ യൂണിറ്റുകൾ കുരുമുളക് ശേഖരിക്കുന്നുണ്ട്. കാലവർഷം ആരംഭിക്കും മുമ്പേ ഉൽപന്നം ഗോഡൗണുകളിൽ എത്തിക്കാനുള്ള നീക്കത്തിലാണ് വ്യവസായികൾ. ഉൽപാദന കേന്ദ്രങ്ങളിൽ നിന്ന് ചെറുകിട വിപണികളിലേയ്ക്കും ടെർമിനൽ മാർക്കറ്റിലേയ്ക്കും ഉയർന്ന അളവിൽ മുളക് വിൽപനയ്ക്ക് ഇറങ്ങി. കൊച്ചിയിൽ അൺ ഗാർബിൾഡ് മുളക് 30,500 രൂപയിൽ നിന്ന് 30,900 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 4700 ഡോളറാണ്. ചൈന കനത്തതോതിൽ കുരുമുളക് വിയറ്റ്‌നാമിൽ നിന്ന് ശേഖരിച്ചു. വിയറ്റ്‌നാം മുളക് വില ടണ്ണിന് 1900 ഡോളറിൽ നിന്ന് 2500 ഡോളറായി ഉയർത്തി. ഇന്തോനേഷ്യ 2200 ഡോളറിനും ബ്രസീൽ 2100 ഡോളറിനും മലേഷ്യ 2400 ഡോളറിനും ക്വട്ടേഷൻ ഇറക്കി. വിളവെടുപ്പ് തുടങ്ങിയ ശ്രീലങ്ക 3000-3500 ഡോളറിന് ചരക്ക് വാഗ്ദാനം ചെയ്തു.     
റബർ രണ്ട് മാസത്തെ വ്യാപാര സ്തംഭനത്തിന് ശേഷം പുനരാരംഭിച്ചെങ്കിലും ഷീറ്റ് വില താഴ്ന്ന റേഞ്ചിൽ നീങ്ങിയത് ഉൽപാദകരെ നിരാശരാക്കി. കിലോ 114 രൂപയിൽ നിന്ന് നാലാം ഗ്രേഡ് 117 വരെ കയറിയെങ്കിലും ഉൽപാദന ചെലവുകൾ കണക്കിലെടുത്താൽ ഇത് നഷ്ട കച്ചവടമെന്നാണ് ഉൽപാദകരുടെ പക്ഷം. അനുകൂല കാലാവസ്ഥ ലഭ്യമായതിനാൽ റബർ വെട്ടിന് ഒരു വിഭാഗം കർഷകർ തോട്ടങ്ങളിൽ ഇറങ്ങി. അഞ്ചാം ഗ്രേഡ് 10,500-11,000 രൂപയിൽ നിന്ന് 10,900-11,500 രൂപയായി. 


ഉത്തരേന്ത്യയിൽ നിന്നും വിദേശത്ത് നിന്നും ജാതിക്ക, ജാതിപത്രി തുടങ്ങിയവയ്ക്ക് അന്വേഷണങ്ങൾ വന്നു. മികച്ചയിനം ചരക്ക് ശേഖരിക്കാൻ കയറ്റുമതി മേഖല താൽപര്യം കാണിച്ചു. വിളവെടുപ്പിനൊപ്പം ചരക്ക് സംസ്‌കരണം  പുരോഗമിക്കുന്നു. കറി മസാല നിർമ്മാതാക്കളും ഔഷധ വ്യവസായികളും ജാതിക്ക വാങ്ങി. 
നാളികേരോൽപന്ന വില കുറഞ്ഞു. സീസണായതിനാൽ തമിഴ്‌നാട്ടിൽ പച്ചതേങ്ങയുടെ ലഭ്യത മുൻ മാസത്തെ അപേക്ഷിച്ച് ഇരട്ടിച്ചു. ഇതിനിടയിൽ മില്ലുകാർ ചരക്ക് സംഭരണം കുറച്ചതിനാൽ കൊപ്ര വില 9200 ൽ നിന്ന് 8650 ലേയ്ക്ക് ഇടിഞ്ഞു. കൊച്ചിയിൽ കൊപ്ര 10,000 ൽ നിന്ന് 9495 രൂപയായി. എണ്ണ വില 800 രൂപ കുറഞ്ഞ് 14100 രൂപയായി. മാസാരംഭമായതിനാൽ വെളിച്ചെണ്ണയ്ക്ക് ഈ വാരം പ്രദേശിക ആവശ്യം ഉയരാം. 


സ്വർണ വില കുറഞ്ഞു. ആഭരണ കേന്ദ്രങ്ങളിൽ പവൻ 34,800 രൂപയിൽ നിന്ന് 34,200 ലേയ്ക്ക് താഴ്‌ന്നെങ്കിലും വാരാന്ത്യം പവൻ 34,560 രൂപയിലാണ്. ഗ്രാമിന് വില 4320 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1734 ഡോളറിൽ നിന്ന് 1693 ഡോളർ വരെ താഴ്ന്നവേളയിൽ ഓപ്പറേറ്റർമാർ നിക്ഷപകരായതോടെ നിരക്ക് വീണ്ടും ഉയർന്ന് 1735 വരെ കയറിയെങ്കിലും ക്ലോസിങിൽ 1729 ഡോളറിലാണ്. മുൻവാരം സൂചിപ്പിച്ച 1680-1750 ഡോളർ ടാർഗറ്റിൽ നിന്ന് പുറത്തു കടക്കാനുള്ള ശ്രമത്തിലാണ് മഞ്ഞലോഹം. 

Latest News