ന്യുദല്‍ഹി- ദല്‍ഹിയിലെ പിടിച്ചു പറിക്കാരെ കൊണ്ട് വിദേശ നയതന്ത്ര പ്രതിനിധികള്‍ക്കു പോലും സ്വൈര്യമില്ലാതായിരിക്കുന്നു. ഇന്ത്യയിലെ യുക്രൈന് അംബാസഡര്‍ ഡോ. ഇഗോര്‍ പോളിഖയാണ് പിടിച്ചുപറിക്കാരുടെ ഏറ്റവുമൊടുവിലെ ഇര. ബുധനാഴ്ച ദല്‍ഹിയിലെ ചെങ്കോട്ട കാണാന്‍ എത്തിയതായിരുന്നു അദ്ദേഹം. ദര്യാഗഞ്ചിലെ പാര്‍ക്കിംഗ് സ്ഥലത്ത് വാഹനം നിര്‍ത്തി ഒറ്റയ്ക്കു പുറത്തിറങ്ങിയ ഇഗോര്‍ അങ്കൂരി ബാഗിനടുത്ത് റോഡരികില്‍ നിന്ന് തന്റെ ഐ ഫോണെടുത്ത് ചെങ്കോട്ടയുടെ ചിത്രം പിടിക്കാന്‍ ഒരുങ്ങുകയായിരുന്നു. ഇതിനിടെ എവിടെ നിന്നോ ഓടിയെത്തിയ പിടിച്ചുപറിക്കാരന് ഇഗോറിന്റെ ഐഫോണും തട്ടിപ്പറിച്ച് ഓടി മറഞ്ഞു. എന്താണ് സംഭവിച്ചതെന്നറിയാതെ സ്തംഭിച്ചു നിന്ന അംബാസഡര്‍ തിരിഞ്ഞു നാലുപാടും നോക്കിയെങ്കിലും പിടിച്ചുപറിക്കാരന്റെ പൊടി പോലും കണ്ടില്ല.
അകലെ നിന്നുള്ള ചെങ്കോട്ടയുടെ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമെ ഇഗോര്‍ എടുത്തിട്ടുള്ളൂ. ഇതിനിടെ തട്ടിപ്പറിക്കാരന്റെ പിന്നാലെ ഓടിപിടിക്കുന്ന കാര്യവും ഇഗോര്‍ മറന്നു. എങ്കിലും ലഭ്യമായ വിവരങ്ങളോക്കെ പോലീസിനെ അറിയിച്ച് കള്ളനെ പിടികുടാന്‍ കാത്തിരിക്കുകയാണ് അംബാസഡര്‍. തന്റെ വ്യക്തിപരമായ വിവരങ്ങളും പലയിടങ്ങളില്‍ നിന്നുമെടുത്ത ഫോട്ടോകളുമാണ് ഐഫോണിലുള്ളതെന്ന് ഇഗോര്‍ പറഞ്ഞു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഫോണ്‍കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. തട്ടിപ്പറിക്കാരനെ കുറിച്ചുള്ള സുചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ പിടികൂടുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫോണ്‍ ഇപ്പോള്‍ സ്വിച് ഓഫ് ചെയ്ത നിലയിലാണ്.
ദല്‍ഹിയില്‍ വച്ചു തന്നെ ആയിരക്കണക്കിനു ഫോട്ടോകള്‍ ഈ ഐഫോണ്‍ ഉപയോഗിച്ച് താന്‍ എടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്ന് അംബാസഡര്‍ പറയുന്നു.